ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബർമിംഗ്ഹാമിൽ നടന്നുകൊണ്ടിരിക്കുന്ന ബിൻ പണിമുടക്ക് അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. സിറ്റി കൗൺസിൽ നേതാവ് ജോൺ കോട്ടൺ അധികാരി ചർച്ചകളിൽ നിന്ന് “പിന്മാറുകയാണെന്ന്” പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്. മെയ് മുതൽ ചർച്ചകൾ നടന്നുവരികയായിരുന്നു. കൗൺസിലിന് വാഗ്ദാനം ചെയ്യാൻ സാധിക്കുന്നതിൻെറ പരമാവധി പരിധിയിലെത്തിയിരിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ജനുവരിയിൽ ബിൻ ശേഖരണ തൊഴിലാളികൾ വ്യാവസായിക സമരം ആരംഭിക്കുകയായിരുന്നു. മാർച്ചോടെ ഇവർ പൂർണ്ണമായി പണിമുടക്കാൻ ആരംഭിച്ചു. ഇതിന് പിന്നാലെ, നഗരത്തിലുടനീളം വലിയ മാലിന്യക്കൂമ്പാരങ്ങളാണ് അടിഞ്ഞു കൂടിയത്. വേസ്റ്റ് റീസൈക്ലിംഗ് ആൻഡ് കളക്ഷൻ ഓഫീസർ (WRCO) തസ്തികകൾ നീക്കം ചെയ്യാനുള്ള കൗൺസിലിന്റെ പദ്ധതികളെ യൂണിയൻ എതിർത്തതിനെ തുടർന്നാണ് സമരം ആരംഭിച്ചത്. കൗൺസിലിന്റെ പുതിയ തീരുമാനം നടപ്പിലാക്കിയാൽ 170 തൊഴിലാളികൾക്ക് പ്രതിവർഷം 8,000 പൗണ്ട് വരെ നഷ്ടപ്പെടുമെന്ന് യൂണിയൻ അവകാശപ്പെടുന്നു.
എന്നാൽ പുതിയ നിർദ്ദേശങ്ങൾ പ്രകാരം വളരെ കുറച്ച് ജീവനക്കാർക്ക് മാത്രമേ ശമ്പളത്തിൽ കുറവുണ്ടാകൂ എന്നാണ് കൗൺസിലിൻെറ അവകാശ വാദം. സിറ്റി കൗൺസിൽ ചർച്ചകൾ ചെയ്യാൻ ശ്രമിച്ചെങ്കിലും മുന്നോട്ട് വച്ച എല്ലാ ഓഫറുകളും യൂണിയൻ നിരസിച്ചുവെന്ന് സിറ്റി കൗൺസിൽ നേതാവ് ജോൺ കോട്ടൺ പറയുന്നു. തുല്യ വേതന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മൊത്തത്തിലുള്ള മാലിന്യ സേവനം മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതികളുമായി അതോറിറ്റി ഇപ്പോൾ മുന്നോട്ട് പോകേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പണിമുടക്കുന്ന തൊഴിലാളികൾക്ക് കൂടുതൽ വാഗ്ദാനം ചെയ്യാൻ കൗൺസിലിന് കഴിയില്ലെന്നത് സമീപ മാസങ്ങളിൽ നഗരം നടത്തിയ സാമ്പത്തിക വീണ്ടെടുക്കൽ ശ്രമങ്ങളെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Leave a Reply