ന്യൂസ് ഡെസ്ക്, മലയാളം യുകെ
പാലസ്തീൻ ആക്ഷൻ ഗ്രൂപ്പിനെ ഭീകര സംഘടനയായി നിരോധിച്ചതിനു ശേഷം യുകെയിൽ ഉടനീളം നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുത്തതിന് 71 പേർ അറസ്റ്റിലായതായി പോലീസ് പറഞ്ഞു. ലണ്ടൻ, കാർഡിഫ്, മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ ആണ് തീവ്രവാദ കുറ്റകൃത്യങ്ങൾ ആരോപിച്ച് നിരവധി പേർ അറസ്റ്റിൽ ആയത് . 2000 ത്തിലെ തീവ്രവാദ നിയമപ്രകാരം കഴിഞ്ഞ ശനിയാഴ്ച മുതൽ പലസ്തീൻ ആക്ഷൻ്റെ പ്രവർത്തനങ്ങൾ സർക്കാർ നിരോധിച്ചിരുന്നു. അതായത് നിലവിൽ ഗ്രൂപ്പിൽ അംഗമാകുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നത് ക്രിമിനൽ കുറ്റമാണ്.
ഇന്നലെ ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടു കൂടി തലസ്ഥാനത്തെ പാർലമെൻറ് സ്ക്വയറിൽ പ്രതിഷേധക്കാരുടെ രണ്ട് ഗ്രൂപ്പുകൾ ഒത്തു കൂടിയിരുന്നു. എതിർക്കുന്നതായും പാലസ്തീൻ ആക്ഷന് പിന്തുണയ്ക്കുന്നതായുമുള്ള പ്ലക്കാർഡുകൾ പ്രതിഷേധക്കാർ കൈവശം വച്ചിരുന്നു. ഒരുമണിക്ക് തടിച്ചുകൂടിയ പ്രതിഷേധക്കാരെ ഒന്നരമണിക്കൂറിനു ശേഷം 2.30 ഓടു കൂടി പോലീസ് പൂർണ്ണമായും നീക്കം ചെയ്തു. പോലീസ് നടപടിയോട് പ്രതിഷേധിച്ച് ചിലർ കമിഴ്ന്ന് കിടന്ന് പ്രതിഷേധിക്കുന്നത് കാണാമായിരുന്നു.
നിരോധിത സംഘടനയെ പിന്തുണയ്ക്കുന്നുവെന്ന സംശയത്തിന്റെ പേരിൽ കാർഡിഫിലെ സെൻട്രൽ സ്ക്വയറിനടുത്തുള്ള ബിബിസി ഓഫീസുകൾക്ക് പുറത്ത് നടന്ന പ്രതിഷേധത്തിനിടെ സൗത്ത് വെയിൽസ് പോലീസ് 13 പേരെ അറസ്റ്റ് ചെയ്തു. നിയമപരമായി പ്രതിഷേധം നടത്തുകയാണെങ്കിൽ ജനങ്ങളുടെ ശബ്ദം കേൾക്കാനുള്ള അവകാശത്തെ പിന്തുണയ്ക്കുന്നു എന്ന് സൗത്ത് വെയിൽസ് പോലീസ് പറഞ്ഞു. ഭീകരവാദ നിയമപ്രകാരം നിരോധിക്കപ്പെടുന്ന യുകെയിലെ ആദ്യത്തെ പ്രതിഷേധ ഗ്രൂപ്പാണ് പാലസ്തീൻ ആക്ഷൻ . ഇസ്ലാമിക് സ്റ്റേറ്റ്, അൽ-ഖ്വയ്ദ, തീവ്ര വലതുപക്ഷ ഗ്രൂപ്പായ നാഷണൽ ആക്ഷൻ എന്നിവയുടെ കൂട്ടത്തിൽ ആണ് പാലസ്തീൻ ആക്ഷനെയും ഉൾപ്പെടുത്തിയത് . പാലസ്തീൻ അനുകൂല സംഘടനകൾ നടത്തുന്ന പ്രതിഷേധങ്ങളും പ്രവർത്തനങ്ങളും ദേശവിരുദ്ധ സ്വഭാവം കൈക്കൊള്ളുന്നതിനെ ശക്തമായി എതിർക്കുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ നേരത്തെ വ്യകതമാക്കിയിരുന്നു . ഓക്സ്ഫോർഡ് ഷെയറിലെ ആർഎഎഫ് ബ്രൈസ് നോർട്ടണിലേക്ക് പാലസ്തീൻ അനുകൂല സംഘടനാ പ്രവർത്തകർ അതിക്രമിച്ചു കയറി രണ്ട് സൈനിക വിമാനങ്ങളിൽ ചുവപ്പ് പെയിന്റ് സ്പ്രേ ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് കർശന നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനിക്കുന്നത്. ഈ സംഭവത്തെ അപമാനകരം എന്നാണ് കൂപ്പർ വിളിച്ചത് .
Leave a Reply