ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഓൺലൈനിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കൂടുതൽ നിയമങ്ങൾ പരിഗണിക്കുന്നതായി ഗതാഗത സെക്രട്ടറി ഹെയ്ഡി അലക്സാണ്ടർ പറഞ്ഞു. ഈ വിഷയത്തിൽ കടുത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഓൺലൈനിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സർക്കാർ ഏർപ്പെടുത്തുന്ന പ്രായപരിധി പരിശോധന നിയമങ്ങൾ ജൂലൈ അവസാനം ആരംഭിക്കുകയാണ്. എന്നാൽ കൂടുതൽ കർശനമായ ചട്ടങ്ങളും ഈ രംഗത്ത് വേണമെന്നുള്ള സൂചനകളാണ് മന്ത്രി നൽകിയത്.
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പോലുള്ള നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഓൺലൈനിൽ കുട്ടികൾക്ക് സുരക്ഷാ ഭീഷണി കൂടിവരുന്ന സാഹചര്യത്തിൽ കൂടുതൽ കർശനമായ നിയമങ്ങൾ കൊണ്ടുവരണമെന്നാണ് ഈ രംഗത്തെ വിദഗ്ധർ ആവശ്യപ്പെടുന്നത്. സാമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്ന ആളുകളുടെ പ്രായപരിധി പരിശോധന ശക്തമായ രീതിയിൽ നടപ്പാക്കണമെന്ന് സർക്കാർ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. കുട്ടികൾക്ക് ലഭിക്കുന്ന ഓൺലൈൻ ഉള്ളടക്കങ്ങളിൽ ദോഷകരമായ വിവരങ്ങൾ അടങ്ങിയിട്ടുണ്ടോ എന്ന് കണ്ടുപിടിക്കുന്നതിനായി സാങ്കേതിക മാറ്റങ്ങൾ ഉണ്ടാകണമെന്ന് കമ്പനികളോട് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട് .
ഓൺലൈനിൽ കുട്ടികളെ സുരക്ഷിതരാക്കുന്നതിനുള്ള നിയമനടപടികൾ അധികാരത്തിൽ എത്തിയാൽ നടപ്പാക്കുമെന്ന് തങ്ങളുടെ തെരഞ്ഞെടുപ്പ് പത്രികയിൽ ലേബർ പാർട്ടി പറഞ്ഞിരുന്നു. എന്ന് കഴിഞ്ഞ സർക്കാർ കൊണ്ടുവന്നത് അല്ലാതെ പുതിയ നിയമങ്ങൾ ഒന്നും കെയർ സ്റ്റാർമർ സർക്കാർ മുന്നോട്ട് വച്ചിട്ടില്ല. കുട്ടികൾ സ്കൂളുകളിൽ ഫോൺ ഉപയോഗിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കർശനമായ നിയമനിർമ്മാണം വേണമെന്നാണ് വിദ്യാഭ്യാസ വിദഗ്ധർ ആവശ്യപ്പെടുന്നത്. സ്കൂളുകളിൽ സ്മാർട്ട്ഫോണുകൾ നിരോധിക്കുന്നതിനായി രാജ്യവ്യാപകമായി നിയമനിർമ്മാണം നടത്താനുള്ള ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല. ചില മാതാപിതാക്കളെങ്കിലും തങ്ങളുടെ കുട്ടികൾ സ്കൂളിൽ പോകുമ്പോൾ അവർക്ക് സ്മാർട്ട്ഫോൺ ഉള്ളത് നല്ലതാണെന്ന അഭിപ്രായക്കാരാണ്.
Leave a Reply