ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയുടെ പല ഭാഗങ്ങളിലും ഇടിമിന്നലിനും കനത്ത മഴയ്ക്കും സാധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മോശം കാലാവസ്ഥയ്ക്ക് പിന്നാലെ മെറ്റ് ഓഫീസ് യെല്ലോ വെതർ വാണിംഗ് പുറപ്പെടുവിച്ചു. കനത്തമഴ മൂലം പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും യാത്രാ കാലതാമസത്തിനും വൈദ്യുതി തടസ്സത്തിനും സാധ്യതയുണ്ട്. ഇന്ന് രാത്രി 9 മണി വരെ ഇംഗ്ലണ്ടിന്റെ ഭൂരിഭാഗം സ്ഥലങ്ങളിലും അലേർട്ട് പ്രാബല്യത്തിൽ ഉണ്ട്. കനത്ത മഴയെ തുടർന്ന് നദികളിലെ വെള്ളത്തിൻെറ ഒഴുക്ക് വർദ്ധിക്കുമെന്നും പൊതുഗതാഗതം തടസ്സപ്പെടുന്നതിന് സാധ്യത ഉണ്ടെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി.
കിഴക്കൻ സ്കോട്ട് ലൻഡിൽ അതിർത്തികൾ മുതൽ അബർഡീൻ വരെയുള്ള പ്രദേശങ്ങളിൽ കനത്ത മഴയെ തുടർന്ന് യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം 4 നു പ്രാബല്യത്തിൽ വരുന്ന ഈ അലേർട്ടുകൾ ഞായറാഴ്ച ഉച്ചവരെ നിലനിൽക്കും. ഇന്ന് ലണ്ടനിലും തെക്ക്-കിഴക്കൻ മേഖലയിലും ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയെ തുടർന്ന് ആംബർ വാണിംഗ് പുറപ്പെടുവിച്ചിട്ടുണ്ട്. യുകെയിലെ ഈ വർഷത്തെ മൂന്നാമത്തെ ഉഷ്ണതരംഗത്തിന് പിന്നാലെയാണ് ഈ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിരിക്കുന്നത്. ഉഷ്‌ണ തരംഗത്തെ തുടർന്ന് യോർക്ക്ഷയർ, കെന്റ്, സസെക്സ് തുടങ്ങിയ പ്രദേശങ്ങളിൽ ഹോസ്പൈപ്പ് നിരോധനം പ്രാബല്യത്തിൽ വന്നിരുന്നു.
ഉഷ്‌ണ തരംഗത്തിന് പിന്നാലെ നിലം വരണ്ടിരിക്കുന്നതിനാൽ പെട്ടെന്നുള്ള മഴ വെള്ളപ്പൊക്കത്തിനുള്ള സാധ്യത കൂട്ടുന്നു. ഞായറാഴ്ച ഉച്ച മുതൽ തിങ്കളാഴ്ച പുലർച്ചെ വരെ കോൺവാളിലും ഡെവോണിന്റെ മിക്ക ഭാഗങ്ങളിലും യെല്ലോ വാണിംഗ് പ്രാബല്യത്തിൽ ഉണ്ട്. വെയിൽസിലും വടക്കൻ അയർലൻഡിലും നിലവിൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ ഒന്നും തന്നെ പ്രാബല്യത്തിൽ ഇല്ല.
Leave a Reply