അപ്പച്ചൻ കണ്ണഞ്ചിറ

വാത്സിങ്ങ്ഹാം: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ ഇംഗ്ലണ്ടിലെ നസ്രേത്തിൽ തിങ്ങി നിറഞ്ഞ പതിനായിരത്തിലധികം മരിയഭക്തർ തീർത്ത തീർത്ഥാടനം മരിയോത്സവവും ഭക്തിസാന്ദ്രവുമായി. ഗ്രെയ്റ്റ് ബ്രിട്ടൻ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ തീർത്ഥടനത്തിനും, തിരുന്നാൾ കുർബ്ബാനക്കും മുഖ്യ കാർമ്മികനായി നേതൃത്വം നൽകി. നേരത്തെ തീർത്ഥാടന കോർഡിനേറ്റർ ഫാ. ജിനു മുണ്ടുനടക്കൽ തീർത്ഥാടകരെ സ്വാഗതം ആശംസിച്ചു.

വിപരീത കാലാവസ്ഥാ മുന്നറിയിപ്പുണ്ടായിട്ടും ആയിരങ്ങൾ തിങ്ങിനിറഞ്ഞു ജനസാഗരം തീർത്ത തീർത്ഥാടനത്തിൽ മരിയൻ ഗീതങ്ങളും ജപമാലസൂക്തങ്ങളും, ഹല്ലെലുയ്യ പ്രഘോഷണങ്ങളും,’ആവേ മരിയാ’ ഗീതങ്ങളും അലയടിച്ച മാതൃ സങ്കേതം മരിയൻ പ്രഘോഷണ വേദിയായി. രാവിലെ മുതൽ തകർത്തടിച്ച മഴ, തീർത്ഥാടന പ്രദക്ഷിണത്തിൽ മാറിനിന്നു. കുർബ്ബാനക്കിടയിൽ മന്ദമായി മഴ പെയ്തെങ്കിലും തീർത്ഥാടകർ തെല്ലും അലോരസപ്പെടാതെ നിന്നിടത്ത് തന്നെ കുടയും ചൂടി ഭക്തിപുരസ്സരം പങ്കുചേർന്നു.

“വിശ്വാസ ജീവിതം പരിശുദ്ധവും പരിപൂർണ്ണവും ആവണം” എന്ന് സ്രാമ്പിക്കൽ പിതാവ് തന്റെ തിരുന്നാൾ സന്ദശത്തിൽ ഉദ്‌ബോധിപ്പിച്ചു. വിശുദ്ധ അക്വിനാസ് പറഞ്ഞത് പോലെ ‘പരിശുദ്ധ കന്യാമറിയത്തിൽ നിന്ന് ജന്മപാപമില്ലാതെ ജനിച്ച സത്യ ദൈവം’ എന്നതാവണം ഓരോ വിശ്വാസിയും ഏറ്റു പറയേണ്ടത്. നമ്മുടെ വിശ്വാസ ജീവിതത്തിൽ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥവും കരുതലുമാണ് ശക്തി കേന്ദ്രം”. ജൂബിലി വർഷത്തിനും, ഇയർ ഓഫ് സ്പിരിച്ച്വലിറ്റിയുടെയും പ്രാർത്ഥനാശംസകൾ നേർന്നു കൊണ്ടാണ് പിതാവ് തന്റെ സന്ദേശം നിറുത്തിയത്.

രാവിലെ സപ്രാ പ്രാർത്ഥനയോടെ ആരംഭിച്ച തിരുന്നാൾ ശുശ്രുഷയിൽ തുടർന്ന് സ്രാമ്പിക്കൽ പിതാവ് ആരാധനക്കു നേതൃത്വം നൽകി. രൂപതയുടെ യൂത്ത് ആൻഡ് മൈഗ്രന്റ്‌സ് കമ്മീഷൻ ചെയറും, അനുഗ്രഹീത ധ്യാന ഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട് നൽകിയ മരിയൻ സന്ദേശം തീർത്ഥാടകരിൽ മാതൃഭക്തി ഉദ്ധീപിക്കുന്നതായി. തിരുനാൾ കൊടിയേറ്റത്തിനും അടിമവക്കലിനും ശേഷം തീർത്ഥാടകർക്കു ഭക്ഷണത്തിനായുള്ള ഊഴമായി. മണിക്കൂറുകളോളം കുടുംബസമേതം യാത്രചെയ്ത് എത്തിയ ഭക്തജനങ്ങൾക്ക് ഒരുക്കിയ സ്വാദിഷ്ട മായ ഭക്ഷണ സൗകര്യം രാവിലെമുതൽ തന്നെ തീർത്ഥാടന നഗരിയിൽ ലഭ്യമായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രൂപതയുടെ നാനാ ഭാഗത്തു നിന്നും വന്നെത്തിയ ആയിരക്കണക്കിനു തീർത്ഥാടകർ തങ്ങളുടെ മിഷൻ ബാനറുകളുടെ പിന്നിൽ അണിനിരന്ന്, മുത്തുക്കുടകളുടെയും കൊടിതോരണങ്ങളുടെയും അകമ്പടിയോടെ ജപമാല സമർപ്പിച്ചും, മാതൃവണക്ക ഗാനങ്ങൾ ആലപിച്ചും, ആവേ മരിയാ ഗീതങ്ങൾ മീട്ടിയും, പ്രാർത്ഥനാനിറവിൽ നടത്തിയ പ്രദക്ഷിണം അക്ഷരാർത്ഥത്തിൽ കേരളത്തിലെ സീറോ മലബാർ വിശ്വാസത്തിന്റെ ആഴങ്ങൾ വിളിച്ചോതുന്നതായിരുന്നു. പ്രദക്ഷിണത്തിന്റെ തുടക്കഭാഗം ദേവാലയത്തിൽ തിരിച്ചെത്തിയപ്പോഴും രണ്ടു കിലോമീറ്ററോളം നീളത്തിൽ ഒരുക്കിയ പ്രദക്ഷിണ പാതയിൽ പിൻഭാഗം പ്രവേശിച്ചിട്ടില്ലാത്തത്ര ആയിരക്കണക്കിന് വിശ്വാസികളാണ് ഈ വർഷം തീർത്ഥാടനത്തിനായി എത്തിച്ചേർന്നത്. ഏറ്റവും പിന്നിലായി വാത്സിങ്ങ്ഹാം മാതാവിന്റെ രൂപവുമേന്തി കേംബ്രിഡ്ജ് റീജൻ സീറോമലബാർ സംഘവും അതിന്റെ പിന്നിലായി സ്രാമ്പിക്കൽ പിതാവിന്റെ നേതൃത്വത്തിൽ വൈദികരും അണിനിരന്നു.

ഫാ. ജോസഫ് മുക്കാട്ടിന്റെ അജപാലന നേതൃത്വത്തിൽ SMYM മിനിസ്ട്രിയുടെ ‘സമയം ബാൻഡ്’ ഒരുക്കിയ സാംഗീതസാന്ദ്രമായ ഗാനാർച്ചന മരിയൻ പ്രഘോഷണമായി. വാത്സിങ്ങാമിലെ മൈനർ ബസിലിക്കയുടെ റെക്ടർ റെവ ഡോ. റോബർട്ട് ബില്ലിംഗ് ഏവർക്കും ഹൃദ്യമായ സ്വാഗതമരുളിക്കൊണ്ട് തിരുന്നാൾ കുർബ്ബാനയിലേക്ക് പ്രവേശിച്ചു. പ്രോട്ടോ സെഞ്ചുലോസ് റവ. ഡോ.ആൻറണി ചുണ്ടെലിക്കാട്ട് രൂപതക്കുവേണ്ടി വാത്സിങ്ങാമിലെ മൈനർ ബസിലിക്കയുടെ റെക്ടർ അടക്കം വൈദികർക്കും വോളണ്ടിയേഴ്സിനും തീർത്ഥാടകർക്കും സ്വാഗതം നേർന്നു.

ആഘോഷപൂർവ്വമായ തിരുന്നാൾ സമൂഹ ദിവ്യബലിയിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു. പ്രോട്ടോ സെഞ്ചുലോസ് ഫാ. ആന്റണി ചുണ്ടലിക്കാട്ട്, ഉച്ചക്ക് രണ്ടു മണിക്ക് മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ, പ്രോട്ടോ സെഞ്ചുലോസ് റവ.ഡോ ആന്റണി ചുണ്ടെലിക്കാട്ട്, ചാൻസലർ റവ.ഡോ. മാത്യു പിണക്കാട്ട്, വൈസ് ചാൻസലർ ഫാ. ഫാൻസുവ പത്തിൽ, ഫിനാൻസ് ഡയറക്ടർ ഫാ.ജോ മാത്യു, ആതിഥേയരായ കേംബ്രിഡ്ജ് റീജണൽ സീറോമലബാർ കോർഡിനേറ്റർ ഫാ ജിനു മുണ്ടുനടക്കൽ കൂടാതെ രൂപതയിൽ നിന്നുള്ള നിരവധി വൈദികർ സഹകാർമ്മികരായി അർപ്പിച്ച ആഘോഷപൂർവ്വമായ തിരുന്നാൾ സമൂഹബലി പുണ്യസന്നിധിയേ അനുഗ്രഹദായകമാക്കി. തിരുന്നാൾ ഗായകസംഘം നടത്തിയ ഗാനശുശ്രുഷ ആത്മീയവും സ്വർഗ്ഗീയവുമായ അനുഭൂതി പകർന്നു.