ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ വീടുകളുടെ ശരാശരി വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ 20 മാസത്തിനിടയിലെ ഏറ്റവും വലിയ പ്രതിമാസ ഇടിവിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. സ്റ്റാമ്പ് ഡ്യൂട്ടിയിൽ നിലനിന്നിരുന്ന കിഴിവുകളും രണ്ടാമത്തെ വീടുകൾക്ക് ഏർപ്പെടുത്തിയ കൗൺസിൽ ടാക്സും ആണ് വീടുകളുടെ ഡിമാൻഡ് ഇടിയുന്നതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.
വീടുകളുടെ വിലയിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 1.2 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. അതായത് ശരാശരി വില 4531 പൗണ്ട് കുറഞ്ഞ് 373 ,709 പൗണ്ട് ആയി. സാധാരണ ഗതിയിൽ വേനൽക്കാല അവധി സീസണിന്റെ തുടക്കത്തിൽ വീടുകളുടെ വിലയിൽ കുറവുണ്ടാകാറുണ്ട്. എന്നാൽ 2002 നു ശേഷം ഒരു മാസം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ പ്രതിമാസ ഇടിവാണ് നിലവിൽ സംഭവിച്ചിരിക്കുന്നത്.
വിൽപനയ്ക്കായി വന്നിരിക്കുന്ന വീടുകളുടെ എണ്ണവും പ്രോപ്പർട്ടികളുടെ വിലകുറവിന് കാരണമായിട്ടുണ്ട്. വീടുകളുടെ വിലയിൽ ഏറ്റവും കൂടുതൽ ഇടിവ് ഉണ്ടായത് ലണ്ടനിലാണ്. മുൻ മാസത്തെ അപേക്ഷിച്ച് 1.5 ശതമാനം കുറവാണ് ലണ്ടനിൽ ഉണ്ടായത്. ലണ്ടൻ്റെ ഉൾപ്രദേശങ്ങളിൽ വില 2.1 ശതമാനമായി ആണ് കുറഞ്ഞത്. ഈ വർഷം തന്നെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് രണ്ട് തവണ കൂടി പലിശ നിരക്കുകൾ കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് വിപണി. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറയ്ക്കുകയാണെങ്കിൽ ഭവന വിപണി തിരിച്ചു കയറുമെന്നാണ് വിപണി വിദഗ്ധർ പ്രതീക്ഷിക്കുന്നത്.
Leave a Reply