ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗാസയിലേയ്ക്ക് ഭക്ഷണം, മരുന്ന്, വെള്ളം തുടങ്ങിയ ആവശ്യ വസ്തുക്കൾ വിമാനങ്ങൾ വഴി എത്തിക്കുന്നതിന് യുകെ പങ്കെടുക്കുമെന്ന് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ സ്ഥിരീകരിച്ചു. വർദ്ധിച്ച് വരുന്ന മാനുഷിക സാഹചര്യങ്ങളെ കുറിച്ചുള്ള അന്താരാഷ്ട്ര ആശങ്കയെ തുടർന്നാണ് വിദേശ രാജ്യങ്ങൾക്ക് വ്യോമമാർഗ്ഗം വഴി സഹായം എത്തിക്കാമെന്ന് ഇസ്രായേൽ തീരുമാനം എടുത്തത്. ഗാസയിലേയ്ക്ക് സഹായം എത്തിക്കാൻ യുകെയ്ക്ക് സാധിക്കുന്നതെല്ലാം ചെയ്യുമെന്നും ഗുരുതരമായ രോഗബാധിതരായ കുട്ടികളെ ഗാസയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുവരുമെന്നും അദ്ദേഹം വാഗ്‌ദാനം ചെയ്‌തു.
പാലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ സർ കെയർ സ്റ്റാർമറിന് കനത്ത രാഷ്ട്രീയ സമ്മർദ്ദം ആണ് ഉള്ളത്. വെള്ളിയാഴ്ച, ഒമ്പത് പാർട്ടികളിൽ നിന്നുള്ള 220-ലധികം എംപിമാർ, ഔദ്യോഗിക അംഗീകാരം ആവശ്യപ്പെടുന്ന സംയുക്ത കത്തിൽ ഒപ്പുവച്ചിരുന്നു. അടുത്ത ദിവസങ്ങളിലായി പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രാൻസ് ഇതിനകം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ യുകെയും ഇതേ പാത സ്വീകരിക്കാനുള്ള സമ്മർദ്ദം വർദ്ധിച്ചിരുന്നു.
ഗാസയിലെ മാനുഷിക പ്രതിസന്ധി രൂക്ഷമായി തന്നെ തുടരുകയാണ്. ഗാസയിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് ഭാഗവും ഭക്ഷണമില്ലാതെ ദിവസങ്ങൾ കഴിയേണ്ടി വരുന്നുവെന്ന് ഏറ്റവും ഒടുവിൽ വന്ന യുഎൻ റിപ്പോർട്ടിൽ പറയുന്നു. പോഷകാഹാര കുറവിന് 90,000 സ്ത്രീകൾക്കും കുട്ടികൾക്കും അടിയന്തിരമായി വൈദ്യചികിത്സ ആവശ്യമാണെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം മുന്നറിയിപ്പ് നൽകി. ഗാസയിലേയ്ക്ക് വ്യോമമാർഗം യുകെ സഹായം നൽകുന്നത് ഇത് ആദ്യമല്ല. 2024-ൽ, മുൻ കൺസർവേറ്റീവ് ഗവൺമെന്റിന്റെ സമയത്ത് വ്യോമ മാർഗത്തിലൂടെ ഭക്ഷണവും മറ്റ് ആവശ്യ സാധനങ്ങളും വിതരണം ചെയ്യാൻ യുകെ ജോർദാനുമായി സഹകരിച്ചിരുന്നു. റോയൽ എയർഫോഴ്‌സ് പിന്നീട് 11 ദൗത്യങ്ങളിലായി 100 ടണ്ണിലധികം ഭക്ഷണം വിതരണം ചെയ്‌തു.
Leave a Reply