ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ, ലൈസൻസില്ലാത്ത കോസ്മെറ്റിക് കുത്തിവയ്പുകൾ സ്വീകരിച്ചതിന് പിന്നാലെ ഗുരുതര രോഗാവസ്ഥയിൽ ആകുന്നവരുടെ എണ്ണത്തിൽ കുത്തനെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ബോട്ടോക്സ് ട്രീറ്റ്മെന്റുകൾ സ്വീകരിച്ചതിന് പിന്നാലെ നിരവധി ആളുകൾക്കാണ് ബോട്ടുലിസം കേസുകൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. പലപ്പോഴും ലൈസൻസില്ലാത്ത ഇത്തരം കുത്തിവയ്‌പുകൾ പരിശീലനം ലഭിക്കാത്ത വ്യക്തികളാണ് നൽകുന്നത്. ഇത്തരത്തിൽ കോസ്മെറ്റിക് കുത്തിവയ്പ്പുകൾ സ്വീകരിക്കുന്നതിന് എതിരെ കർശന നിയമങ്ങൾ കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ആരോഗ്യ വിദഗ്ദ്ധർ മുന്നോട്ട് വന്നിരിക്കുന്നത്.
ഡർഹാമിൽ നിന്നുള്ള നിക്കോള ഫെയർലി എന്ന സ്ത്രീക്ക് ബോട്ടോക്സ് കുത്തിവയ്പ്പുകൾ സ്വീകരിച്ചതിന് പിന്നാലെ പക്ഷാഘാതം ഉണ്ടായി. നിയമവിരുദ്ധമായ ചുളിവുകൾ തടയുന്ന ഉത്പന്നങ്ങൾ മൂലമുണ്ടാകുന്ന അപൂർവ്വവും മാരകവുമായ ഒരു രോഗമായ ബോട്ടുലിസം തനിക്ക് ബാധിച്ചതായി അവർ പിന്നീട് കണ്ടെത്തി. ഫേസ്ബുക്ക് മത്സരത്തിൽ നിക്കോള വിജയിക്കുകയും അതിൻെറ ഭാഗമായി സൗജന്യമായി ബോട്ടോക്‌സ് ചെയ്യുകയും ആയിരുന്നു. എന്നാൽ താമസിയാതെ തന്നെ മുഖത്ത് പക്ഷാഘാതം ഉണ്ടായി.
ഇത്തരത്തിൽ ലൈസൻസില്ലാത്ത കോസ്മെറ്റിക് കുത്തിവയ്പ്പുകൾ സ്വീകരിച്ചതിന് പിന്നാലെ ഡോക്ടർമാർ ചികിത്സിച്ച നിരവധി രോഗികളിൽ ഒരാൾ മാത്രമാണ് നിക്കോള. ഇതിൽ ഭൂരിപക്ഷം രോഗികളും അടുത്തിടെ ബോട്ടുലിനം ടോക്സിൻ അടങ്ങിയ ബോട്ടോക്സ് കുത്തിവയ്പ്പുകൾ സ്വീകരിച്ചവരാണ്. ബോട്ടുലിസം വളരെ അപൂർവമായ രോഗാവസ്ഥ ആയിരുന്നു. എന്നാൽ നിലവിൽ ഇതിൻെറ പെട്ടെന്നുള്ള വർദ്ധനവ് കാരണം ആശുപത്രികൾക്ക് യുകെയിലുടനീളം കൂടുതൽ ആന്റിടോക്സിൻ ശേഖരിക്കേണ്ടി വന്നിരിക്കുകയാണ്. കോസ്മെറ്റിക് കുത്തിവയ്പ്പുകളുമായി ബന്ധപ്പെട്ട 38 ബോട്ടുലിസം കേസുകൾ യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി നിലവിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
Leave a Reply