പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനെ വധിച്ച് സൈന്യം. ജമ്മുകശ്മീരിലെ ശ്രീനഗറിന് സമീപം സുരക്ഷാസേന വധിച്ച മൂന്ന് ഭീകരവാദികളിലൊരാള്‍ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത സുലൈമാന്‍ ഷായാണ് എന്ന് സ്ഥിരീകരിച്ചു. ലഷ്‌കറെ തോയ്ബ ഭീകരവാദിയായ സുലൈമാന്‍ ഷാ മുമ്പ് പാക് സൈന്യത്തിലെ കമാന്‍ഡോയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പൊതുവില്‍ ഹാഷിം മൂസ എന്നാണ് സുലൈമാന്‍ ഷായെ അറിയപ്പെട്ടിരുന്നത്.
‘ഓപ്പറേഷന്‍ മഹാദേവ്’ എന്ന് പേരിട്ടിരിക്കുന്ന സൈനിക നടപടിയുടെ ഭാഗമായി തിങ്കളാഴ്ച രാവിലെയാണ് ജമ്മു കശ്മീരിലെ ലിദ്‌വാസില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടിയത്. മൂന്ന് ഭീകരരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സൈന്യവും ജമ്മു കശ്മീര്‍ പോലീസും സിആര്‍പിഎഫും സംയുക്തമായാണ് സൈനിക നടപടിക്ക് തുടക്കമിട്ടത്. സൈന്യത്തിന്റെ ചിനാര്‍ കോര്‍പ്‌സ് എക്‌സ് പോസ്റ്റില്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചിട്ടുമുണ്ട്.
രഹസ്യവിവരത്തെ തുടര്‍ന്ന് മുല്‍നാര്‍ മേഖലയില്‍ പരിശോധന നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ലഷ്‌കറെ തൊയ്ബ ഭീകരരാണ് കൊല്ലപ്പെട്ടത് എന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. സുലൈമാന്‍ ഷായെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ജമ്മു കശ്മീര്‍ പോലീസ് 20 ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.
പാക് സൈന്യത്തിന്റെ കമാന്‍ഡോ വിഭാഗമായ സ്പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പില്‍ (എസ്എസ്ജി) സേവനമനുഷ്ടിച്ചതിന് ശേഷമാണ് സുലൈമാന്‍ ഷാ ലഷ്‌കറിന്റെ ഭാഗമായത്. 2023-ലാണ് ഇയാള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത് എന്നാണ് വിവരം. പഹല്‍ഗാം ഭീകരാക്രമണത്തിന് മുമ്പ് 2024 ഒക്ടോബറില്‍ സോനാമാര്‍ഗ് തുരങ്കനിര്‍മാണ തൊഴിലാളികള്‍ക്കെതിരായ ആക്രമണത്തിലും ഇയാള്‍ക്ക് പങ്കുണ്ടായിരുന്നു. അന്നത്തെ ആക്രമണത്തില്‍ ഏഴ് തൊഴിലാളികള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
ബാരാമുള്ളയില്‍ പോലീസിന് നേരെയുണ്ടായ ആക്രമണത്തിലും സുലൈമാന്‍ ഷായ്ക്ക് പങ്കുണ്ട്. പഹല്‍ഗാമുള്‍പ്പെടെ ജമ്മുകശ്മീരില്‍ ഉടനീളമുണ്ടായ ആറ് ഭീകരാക്രമണങ്ങളില്‍ സുലൈമാന്‍ ഷായ്ക്ക് നേരിട്ട് പങ്കാളിത്തമുണ്ടായിരുന്നു. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ സുലൈമാന്‍ ഷായ്ക്ക് വേണ്ടി സംസ്ഥാനത്തെ വനമേഖലകളും ഗ്രാമങ്ങളിലെ വീടുകളുമടക്കം സുരക്ഷാ സേന അരിച്ചുപെറുക്കിയിരുന്നു.
ഇന്ന് നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തീവ്രവാദികളുടെ താവളങ്ങളില്‍നിന്ന് എകെ 47 അടക്കമുള്ള തോക്കുകളും മറ്റ് ആയുധങ്ങളും കണ്ടെടുത്തതായി സൈന്യം അറിയിച്ചു. തീവ്രവാദികള്‍ കശ്മീരില്‍ വലിയ ആക്രമണങ്ങള്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്നു എന്ന് തെളിയിക്കുന്ന തെളിവുകളാണ് ഇവരുടെ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചിരിക്കുന്നത് എന്നാണ് വിവരം.
2016-ല്‍ WY SMS എന്ന് വിളിച്ചിരുന്ന ഒരു ചൈനീസ് റേഡിയോ കമ്യൂണിക്കേഷന്‍ ഉപകരണം ഉപയോഗിച്ചാണ് ലഷ്‌കറെ തൊയ്ബ ഭീകരര്‍ ആശയവിനിമയം നടത്തിയിരുന്നത്. ഇതിന് സമാനമായ ചൈനീസ് റേഡിയോയും ഇന്ന് വധിക്കപ്പെട്ടവരുടെ പക്കല്‍നിന്ന് കണ്ടെടുത്തതായി സൈന്യം വ്യക്തമാക്കി.
Leave a Reply