ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസിൽ വെയിറ്റിംഗ് ലിസ്റ്റിൽ ഉള്ള നല്ലൊരു ശതമാനം ആൾക്കാർക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ലെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ചികിത്സ ആവശ്യമുള്ള ആറ് ദശലക്ഷം ആളുകളിൽ പകുതിയോളം പേർക്കും വെയിറ്റിംഗ് ലിസ്റ്റിൽ ചേർന്നതിനു ശേഷമുള്ള കൂടുതൽ പരിചരണം ലഭിച്ചിട്ടില്ലെന്നാണ് കണക്കുകൾ കാണിക്കുന്നത്. പുറത്തു വരുന്ന വിവരങ്ങൾ ഇംഗ്ലണ്ടിലെ ആരോഗ്യ സംവിധാനങ്ങളെ കുറിച്ച് കടുത്ത ആശങ്ക ഉളവാക്കുന്നതാണ്.
പരിചരണത്തിനായി കാത്തിരിക്കുന്ന 6.23 ദശലക്ഷം രോഗികളിൽ 2.99 ദശലക്ഷം പേർക്ക് (48%) ഒരു ജിപി റഫർ ചെയ്തതിനുശേഷം ഒരു സ്പെഷ്യലിസ്റ്റിന്റെ ആദ്യ അപ്പോയിന്റ്മെന്റോ ഡയഗ്നോസ്റ്റിക് പരിശോധനയോ നടത്തിയിട്ടില്ല എന്നാണ് എൻഎച്ച്എസ് ഇംഗ്ലണ്ട് കണക്കുകൾ കാണിക്കുന്നത്. കടുത്ത പ്രതിസന്ധി എന്നാണ് ഈ സാഹചര്യത്തെ പേഷ്യന്റ് അസോസിയേഷൻ വിശേഷിപ്പിച്ചത്. 2029 ഓടെ റഫർ ചെയ്ത് 18 ആഴ്ചയ്ക്കുള്ളിൽ 92 ശതമാനം രോഗികൾക്കും ചികിത്സ നൽകുമെന്ന കെയർ സ്റ്റാർമർ സർക്കാരിൻ്റെ വാഗ്ദാനത്തെ സംശയത്തിൻ്റെ നിഴലിൽ നിർത്തുന്നതാണ് പുറത്തുവരുന്ന കണക്കുകൾ. മെയ് മാസത്തിൽ 61 ശതമാനം പേർക്ക് മാത്രമെ കൃത്യസമയത്ത് ചികിത്സ ലഭിച്ചിട്ടുള്ളൂ.
എൻഎച്ച്എസിന്റെ വെയ്റ്റിംഗ് ലിസ്റ്റ് കുതിച്ചുയർന്നതിന്റെ ബുദ്ധിമുട്ടുകൾ രണ്ട് രീതിയിലാണ് യുകെ മലയാളികളെ ബാധിക്കുന്നത്. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് യുകെ മലയാളികളിൽ ഭൂരിഭാഗവും. ആശുപത്രിയിലെ കടുത്ത തിരക്കും വെയിറ്റിംഗ് ലിസ്റ്റും നേഴ്സുമാർക്ക് ഉൾപ്പെടെ നൽകുന്നത് കടുത്ത ജോലി ഭാരമാണ്. കുറഞ്ഞ ജീവനക്കാരുമായി കൂടുതൽ രോഗികളെ പരിചരിക്കേണ്ടി വരുന്നതിന്റെ കടുത്ത സമ്മർദ്ദം പലർക്കും താങ്ങാനാവുന്നതിലും അപ്പുറമാണ്. കേരളത്തിലെ രീതിയനുസരിച്ച് ഒരു ചെറിയ രോഗം വന്നാലുടൻ ഓടി ആശുപത്രികളിൽ പോകുന്ന ശീലമായി യുകെയിലെത്തിയ മലയാളി കുടുംബങ്ങൾ ഉടൻ ചികിത്സ കിട്ടാത്തതിന്റെ ആശങ്കയിലാണ്. അവധി കാലത്ത് കേരളത്തിൽ എത്തുമ്പോൾ ആശുപത്രികളിൽ കേറി ഇറങ്ങി ചികിത്സ തേടുന്ന തിരക്കിലാണ് മലയാളികളിൽ പലരും.
Leave a Reply