ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.

2025 സെപ്റ്റംബര്‍ 22 നും ഒക്ടോബര്‍ രണ്ടിനും ഇടയില്‍ ഭീകരവാദികളില്‍ നിന്നോ സാമൂഹിക വിരുദ്ധരില്‍ നിന്നോ ആക്രമണം ഉണ്ടാകാന്‍ ഇടയുണ്ട് എന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബി.സി.എ.എസ്) ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

വിമാനത്താവളങ്ങള്‍, എയര്‍ സ്ട്രിപ്പുകള്‍, ഹെലിപാഡുകള്‍, ഫ്ളൈയിങ് സ്‌കൂളുകള്‍, പരിശീലന സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ വ്യോമയാന കേന്ദ്രങ്ങളിലും അടിയന്തരമായി നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശമുണ്ട്. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

പാകിസ്ഥാനിലെ ഭീകര സംഘടനകളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ലഭിച്ച പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബി.സി.എ.എസിന്റെ നിര്‍ദേശമെന്ന് ദേശീയ വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രാദേശിക പൊലീസ്, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്, ഇന്റലിജന്‍സ് ബ്യൂറോ, മറ്റ് ബന്ധപ്പെട്ട ഏജന്‍സികള്‍ എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തണമെന്നും വിമാനത്താവള സുരക്ഷാ ഉദ്യോസ്ഥരോട് ബി.സി.എ.എസ് നിര്‍ദേശിച്ചിട്ടുണ്ട്.

എല്ലാ ജീവനക്കാരുടെയും കരാറുകാരുടെയും സന്ദര്‍ശകരുടെയും തിരിച്ചറിയല്‍ രേഖകള്‍ കര്‍ശനമായി പരിശോധിക്കണമെന്നും എല്ലാ സിസി ടിവി സംവിധാനങ്ങളും പ്രവര്‍ത്തനക്ഷമമാണെന്നും അവ തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും ഉറപ്പാക്കണമെന്നും സുരക്ഷാ ഏജന്‍സി ആവശ്യപ്പെട്ടു.

സംസ്ഥാന പൊലീസ്, വിമാനത്താവളങ്ങള്‍, എയര്‍ ലൈനുകള്‍ എന്നിവയുള്‍പ്പെടെ ബന്ധപ്പെട്ട എല്ലാവര്‍ക്കും ഈ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആഭ്യന്തര, അന്താരാഷ്ട്ര വിമാന കമ്പനികള്‍ക്കെല്ലാം ഈ നിര്‍ദേശം ഒരുപോലെ ബാധകമാണ്.

വാണിജ്യ വിമാനങ്ങളില്‍ കയറ്റുന്നതിന് മുമ്പ് എല്ലാ കാര്‍ഗോകളും തപാലുകളും കര്‍ശനമായ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കണം. ലക്ഷ്യസ്ഥാനം പരിഗണിക്കാതെ എല്ലാ വിമാനത്താവളങ്ങളിലും പാഴ്സലുകള്‍ക്ക് കര്‍ശനമായ സ്‌ക്രീനിങ് നിര്‍ബന്ധമാണെന്നും സുരക്ഷാ ഏജന്‍സിയുടെ നിര്‍ദേശത്തില്‍ പറയുന്നു.