ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗ്രേറ്റ് ബ്രിട്ടനിലെ ഡ്രൈവിംഗ് നിയമങ്ങളിൽ സമൂലമായ മാറ്റങ്ങൾ വരുന്നു. നിർബന്ധിത നേത്ര പരിശോധന പരാജയപ്പെട്ടാൽ 70 വയസ്സ് കഴിഞ്ഞവരെ വാഹനം ഓടിക്കുന്നതിൽ നിന്ന് വിലക്കാനുള്ള സാധ്യത ഉണ്ടെന്നാണ് ഏറ്റവും പുതിയതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ ഗതാഗത നിയമങ്ങൾ നടപ്പിൽ വരുത്താൻ സർക്കാർ ആലോചിക്കുന്നത്.


കാഴ്ചശക്തി കുറവുള്ള ഡ്രൈവർമാർ മൂലമുണ്ടായ നാല് മരണങ്ങളെ കുറിച്ചുള്ള അന്വേഷണത്തിൽ യുകെയുടെ ലൈസൻസിംഗ് സംവിധാനത്തെ യൂറോപ്പിലെ ഏറ്റവും അയഞ്ഞത് എന്ന് കൊറോണർ വിശേഷിപ്പിച്ചതിന് ശേഷമാണ് ഈ നീക്കം. സ്കോട്ട്ലൻഡിലെ നിയമങ്ങൾക്ക് അനുസൃതമായി ഇംഗ്ലണ്ടിലും വെയിൽസിലും മദ്യപിച്ച് വാഹനമോടിക്കുന്ന പരിധി കുറയ്ക്കുക, സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ആളുകൾക്ക് ലൈസൻസിൽ പോയിന്റുകൾ നൽകുക എന്നിവയും പരിഗണനയിൽ ഉണ്ട് . ഉടൻ സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന റോഡ് സുരക്ഷാ നിയമങ്ങളിൽ ഈ മാറ്റങ്ങൾ ഉൾപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ പല റോഡ് സുരക്ഷാ മാനദണ്ഡങ്ങളും ഫലപ്രദമല്ലെന്ന അഭിപ്രായം സർക്കാർ തലത്തിലുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഓരോ വർഷവും റോഡ് അപകടങ്ങളിൽ 1600 ലധികം ആളുകൾ മരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഒരു സർക്കാർ വക്താവ് പറഞ്ഞു. ആയിരക്കണക്കിനാളുകൾക്കാണ് റോഡ് അപകടത്തിൽ പരിക്കേൽക്കുന്നത്. ഇതുമൂലം പ്രതിവർഷം 2 ബില്യണിലധികം പൗണ്ട് ആണ് എൻ എച്ച് എസ് ചിലവഴിക്കുന്നത്. അതുകൊണ്ടുതന്നെ നിയമം ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടികളും പിഴകളും ചുമത്തി റോഡ് സുരക്ഷ ഉറപ്പുവരുത്താനാണ് സർക്കാർ ശ്രമിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.