ന്യൂസ് ഡെസ്ക്, മലയാളം യുകെ
രോഗികളുടെ ഡിസ്ചാർജ് വേഗത്തിലാക്കാൻ രൂപകൽപ്പന ചെയ്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപകരണം ലണ്ടനിലെ ചെൽസിയിലും വെസ്റ്റ്മിൻസ്റ്റർ എൻഎച്ച്എസ് ട്രസ്റ്റിലും പരീക്ഷിച്ചു. രോഗികളെ വീട്ടിലേയ്ക്ക് അയയ്ക്കുന്നതിന് ആവശ്യമായ രേഖകൾ പ്ലാറ്റ്‌ഫോം സ്വയമേവ പൂർത്തിയാക്കും. ഇതുവഴി മണിക്കൂറുകളോളം കാലതാമസം ലാഭിക്കാൻ ആശുപത്രികൾക്ക് സാധിക്കും.
രോഗനിർണ്ണയം, പരിശോധനാ ഫലങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ ഈ സാങ്കേതികവിദ്യ മെഡിക്കൽ രേഖകളിൽ നിന്ന് വേർതിരിച്ചെടുത്ത്, ഡിസ്ചാർജ് സമ്മറികൾ തയ്യാറാക്കാൻ ഡോക്ടർമാരെ സഹായിക്കുന്നു. രോഗികൾ ആശുപത്രി വിടുന്നതിന് മുമ്പ് പൂർത്തിയാക്കേണ്ട ഈ സമ്മറികൾ പിന്നീട് ആരോഗ്യ സംരക്ഷണ ജീവനക്കാർ അവലോകനം ചെയ്ത് ഡിസ്ചാർജ് അല്ലെങ്കിൽ റഫറലുകൾ സ്ഥിരീകരിക്കും. നിലവിലുള്ള സംവിധാനം പലപ്പോഴും നീണ്ട കാത്തിരിപ്പിന് കാരണമാകുന്നുണ്ട്. ഡോക്ടർമാർ പലപ്പോഴും ഈ ഫോമുകൾ പൂരിപ്പിക്കാൻ വൈകുന്നുവെന്നതാണ് ഇതിന് കാരണം.
ഡോക്ടർമാർക്ക് പേപ്പർവർക്കുകളിൽ കുറച്ച് സമയം ചെലവഴിക്കാനും രോഗികളെ പരിചരിക്കുന്നതിൽ കൂടുതൽ സമയം ചെലവഴിക്കാനും പുതിയ ഉപകരണം സഹായകരമാകും. ഇതോടെ രോഗികളുടെ കാത്തിരിപ്പ് സമയം കുറയുമെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. എൻഎച്ച്എസിനെ ഡിജിറ്റലിലേക്ക് പരിവർത്തനം ചെയ്യാനുള്ള സർക്കാരിന്റെ 10 വർഷത്തെ ആരോഗ്യ പദ്ധതിയുടെ ഭാഗമായാണ് പുതിയ ഉപകരണം കൊണ്ടുവന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു. എൻ എച്ച് എസ് ഫെഡറേറ്റഡ് ഡേറ്റാ പ്ലാറ്റ്‌ഫോമിലാണ് ഈ ഉപകരണം ഹോസ്റ്റ് ചെയ്യുന്നത്. പൊതു സേവനങ്ങളിലുടനീളം മറ്റ് എ ഐ നവീകരണങ്ങളും സർക്കാർ നടപ്പിലാക്കുന്നുണ്ട്. ആശുപത്രി ഡേറ്റാബേസുകൾ വിശകലനം ചെയ്യുന്നതിനും അപകടസാധ്യതകൾ നേരത്തേ കണ്ടെത്തുന്നതിനും അടിയന്തിര പരിശോധനകൾ നടത്തുന്നുന്നതിനും എൻഎച്ച്എസ് എഐ ഉപയോഗിക്കുന്നുണ്ട്.
Leave a Reply