അഞ്ചുവർഷമോ അതിൽക്കൂടുതലോ ശിക്ഷലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസം ജയിലിൽ കഴിയേണ്ടിവരുന്ന മന്ത്രിമാർക്ക് ഒരുമാസത്തിനകം സ്ഥാനം നഷ്ടപ്പെടുന്ന നിർണായക ഭരണഘടനാ ഭേദഗതിക്കായി കേന്ദ്രസർക്കാർ അവതരിപ്പിക്കുന്ന ബില്ലിന് അനുകൂല നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതാവും പാർലമെന്റ് അംഗവുമായ ശശി തരൂർ. ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള നടപടികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചുകൊണ്ടുള്ള പ്രസ്താവനകൾക്ക് ശേഷം കോൺഗ്രസിൽ നിന്ന് നീരസം നേരിടുന്നതിനിടെയാണ് വീണ്ടും പാർട്ടി നിലപാടിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായം ശശി തരൂർ ബുധനാഴ്ച രേഖപ്പെടുത്തിയത്.
ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കുന്ന ഭരണഘടന (നൂറ്റിമുപ്പതാം ഭേദഗതി) ബിൽ 2025 പ്രകാരം, തുടർച്ചയായി 30 ദിവസത്തിലധികം അറസ്റ്റിലായി ജയിലിൽ കഴിയുന്ന പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ഏതൊരു മന്ത്രിയും 31-ാം ദിവസം രാജിവെയ്ക്കുകയോ അല്ലെങ്കിൽ അവരെ പുറത്താക്കുകയോ ചെയ്യാം. ബില്ലിൽ താൻ തെറ്റൊന്നും കാണുന്നില്ലെന്നും ബില്ലിൽ സഭയിൽ ചർച്ച നടക്കട്ടെയെന്നും ശശി തരൂർ എൻഡിടിവിയോട് പ്രതികരിച്ചു.
“30 ദിവസം ജയിലിൽ കിടന്നാൽ നിങ്ങൾക്ക് മന്ത്രിയായി തുടരാനാകുമോ? ഇത് സാമാന്യബുദ്ധിയുടെ കാര്യമാണ്. എനിക്കിതിൽ തെറ്റൊന്നും കാണാൻ കഴിയുന്നില്ല” അദ്ദേഹം പറഞ്ഞു. പരിശോധനയ്ക്കായി ബിൽ ഒരു സമിതിയ്ക്ക് അയക്കാവുന്നതാണെന്നും സമിതിയിൽ ചർച്ച നടക്കുന്നത് നമ്മുടെ ജനാധിപത്യത്തിന് നല്ലതാണെന്ന് താൻ കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ബില്ലിനെതിരെ പ്രതിപക്ഷം രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്. കർക്കശവും ഭരണഘടനാവിരുദ്ധവും എന്നാണ് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി ഇതിനെ വിശേഷിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ ബഹളത്തെയും പ്രതിഷേധത്തെയും തുടർന്ന് ബുധനാഴ്ച പാർലമെന്റ് രാവിലെ പിരിഞ്ഞിരുന്നു. ബിൽ ജെപിസിയുടെ പരിഗണനയ്ക്ക് വിടാൻ സാധ്യതയുണ്ട്. സംസ്ഥാന, കേന്ദ്ര മന്ത്രിമാർ, മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നിവർക്കും ഈ ബിൽ ബാധകമാണ്.
30 ദിവസം തുടർച്ചയായി കസ്റ്റഡിയിൽ കഴിയേണ്ടിവരുന്ന മന്ത്രിമാരെ പുറത്താക്കാൻ മുഖ്യമന്ത്രിമാർ ഗവർണർക്ക് ശുപാർശചെയ്യണം. തുടർന്ന് ഗവർണർമാർ മന്ത്രിമാരെ പുറത്താക്കണം. രാജിവെച്ചില്ലെങ്കിലും 31-ാം ദിവസം ഇവർ മന്ത്രിമാരല്ലാതാകും. ഇതേരീതിയിൽ ശിക്ഷിക്കപ്പെടുന്ന മുഖ്യമന്ത്രിമാർക്കും പ്രധാനമന്ത്രിക്കും വ്യവസ്ഥ ബാധകമാണ്. മൂന്ന് സുപ്രധാനബില്ലുകളാണ് സഭയിലെത്തുക. 130-ാം ഭരണഘടനാ ഭേദഗതി ബില്ലും കേന്ദ്രഭരണപ്രദേശ ഭരണഭേദഗതി ബില്ലും ജമ്മു-കശ്മീർ പുനഃസംഘടനാ ഭേദഗതി ബില്ലുമാണ് ഇതിനായി അവതരിപ്പിക്കുക.
Leave a Reply