ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ പണപ്പെരുപ്പം വീണ്ടും കുതിച്ചുയർന്നു. നിലവിൽ 2024 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ് പണപ്പെരുപ്പം. ജൂലൈ വരെയുള്ള കണക്കുകൾ അനുസരിച്ച് നിലവിൽ പണപ്പെരുപ്പം 3.8 ശതമാനമായാണ് ഉയർന്നത്. വിമാന നിരക്കുകളും ഭക്ഷണസാധനങ്ങളുടെ വിലയും ഉയർന്നതാണ് പണപ്പെരുപ്പം ഉയരുന്നതിന് കാരണമായത് . സ്കൂളുകളിൽ വേനലവധിയുമായി ബന്ധപ്പെട്ട് കൂടുതൽ പേർ യാത്ര ചെയ്തതാണ് വിമാന നിരക്കുകൾ കുതിച്ചുയരാൻ കാരണമായത്. സെപ്റ്റംബറിൽ പണപ്പെരുപ്പം 4% ആയി ഉയരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് .
2001 ൽ പ്രതിമാസ ഡാറ്റ ശേഖരണം ആരംഭിച്ചതിനുശേഷം ജൂൺ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ വിമാന നിരക്കുകളിൽ 30.2% ത്തിന്റെ വർദ്ധനവ് ഉണ്ടായതായി ഒഎൻഎസ് ചീഫ് ഇക്കണോമിസ്റ്റ് ഗ്രാന്റ് ഫിറ്റ്സ്നർ പറഞ്ഞു. ഭക്ഷണത്തിന്റെയും മദ്യം ഒഴികെയുള്ള പാനീയങ്ങളുടെയും വില ജൂലൈ വരെയുള്ള വർഷത്തിൽ 4.9% ആണ് വർദ്ധിച്ചത് . കാപ്പി, ഫ്രഷ് ഓറഞ്ച് ജ്യൂസ്, മാംസം, ചോക്ലേറ്റ് എന്നിവയുടെ വിലയിലും വലിയ വർധനവ് ഉണ്ടായി.
നിലവിലെ പണപ്പെരുപ്പം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത ലക്ഷ്യമായ 2 ശതമാനത്തിലും വളരെ കൂടുതലാണ്. നിലവിൽ 4 ശതമാനമാണ് ഇംഗ്ലണ്ടിലെ പലിശ നിരക്ക്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അടുത്ത അവലോകന യോഗം സെപ്റ്റംബർ 18-ാം തീയതിയാണ്. സാധാരണഗതിയിൽ പണപ്പെരുപ്പം കുതിച്ചുയരുമ്പോൾ അതിനെ പിടിച്ചു നിർത്താനാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് ഉയർത്തുന്നത്. അടുത്ത അവലോകന യോഗത്തിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്ത് നടപടി സ്വീകരിക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Leave a Reply