ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗാസയിലെ വിദ്യാർത്ഥികൾക്ക് തുടർ വിദ്യാഭ്യാസത്തിന് സൗകര്യങ്ങൾ ചെയ്തു കൊടുക്കുമെന്ന് യുകെ സർക്കാർ അറിയിച്ചു. മിടുക്കരായ 9 വിദ്യാർത്ഥികൾക്കാണ് യുകെയിൽ പഠനസൗകര്യം ഒരുക്കുന്നത്. ബ്രിട്ടീഷ് സർവകലാശാലകളിൽ പഠിക്കുന്നതിന് ഇവർക്ക് സ്കോളർഷിപ്പ് സൗകര്യം ലഭിക്കും.
100-ലധികം എംപിമാർ, യൂണിവേഴ്സിറ്റി നേതാക്കൾ, മറ്റ് സിവിൽ സൊസൈറ്റി സംഘടനകൾ എന്നിവരുടെ മാസങ്ങൾ നീണ്ട വാദത്തിനും പ്രചാരണത്തിനും ശേഷമാണ് ഈ പദ്ധതിക്ക് സർക്കാർ അഗീകാരം നൽകിയത് . മൊത്തം 80-ലധികം പാലസ്തീൻ വിദ്യാർത്ഥികൾക്ക് യുകെ സർവകലാശാലകളിൽ ഓഫറുകളുണ്ട്. അതിൽ 40 പേർ പൂർണ്ണ സ്കോളർഷിപ്പുകൾ നേടിയവരുമാണ് . അർഹരായ കൂടുതൽ കുട്ടികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കണമെന്നാണ് എംപിമാർ ഉൾപ്പെടെ ആവശ്യപ്പെടുന്നത്. എന്നാൽ ഒൻപത് കുട്ടികൾക്ക് മാത്രമാണ് നിലവിൽ അനുവാദം നൽകിയിരിക്കുന്നത്. സർക്കാരിൻറെ പുതിയ പദ്ധതി സന്തോഷകരമാണെങ്കിലും അർഹതപ്പെട്ട നിരവധി പേർ ഇപ്പോഴും പഠന സൗകര്യത്തിനായി കാത്തിരിക്കുകയാണെന്നാണ് ബർമിംഗ്ഹാം സർവകലാശാലയിലെ ഗവേഷകയും വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കുന്നതിന് നേതൃത്വം നൽകുകയും ചെയ്യുന്ന ഡോ. നോറ പാർ അഭിപ്രായപ്പെട്ടത്.
ഇറ്റലി, അയർലൻഡ്, ഫ്രാൻസ് എന്നിവയുൾപ്പെടെ മറ്റ് രാജ്യങ്ങൾ ഇതിനകം വിദ്യാർത്ഥികളെ ആ രാജ്യങ്ങളിലെ സർവ്വകലാശാലകളിലും പഠന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എന്നാൽ പഠനത്തിനായി യുകെ സർക്കാർ മുന്നോട്ട് വെച്ച നിബന്ധനകളിൽ പലർക്കും തിരിച്ചടിയായതായുള്ള റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. വിസ അപേക്ഷയ്ക്ക് ബയോമെട്രിക് ഡേറ്റ നൽകണമെന്ന ഹോം ഓഫീസ് നിബന്ധന കാരണം വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാനും പഠനം ആരംഭിക്കാനും കഴിഞ്ഞിട്ടില്ല . ഗാസയിലെ യുകെ അംഗീകൃത ബയോമെട്രിക്സ് രജിസ്ട്രേഷൻ കേന്ദ്രം 2023 ഒക്ടോബറിൽ അടച്ചുപൂട്ടിയിരുന്നു. അതുകൊണ്ടുതന്നെ അയൽ രാജ്യങ്ങളിലെ മറ്റ് കേന്ദ്രങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നതും അവർക്ക് അസാധ്യമായി.
Leave a Reply