ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന ബഹുമതിക്ക് ഉടമയായ ബ്രിട്ടീഷ് വംശജയായ ഏത്തൻ കാറ്റർഹാമിന് 116 വയസ്സ് തികഞ്ഞു. കഴിഞ്ഞ വർഷം തന്റെ 115-ാം ജന്മദിനത്തിൽ ലോക മുതു മുത്തശ്ശിയെ രാജാവ് ആദരിച്ചിരുന്നു. 116 വയസ്സുള്ള ബ്രസീലിയൻ കന്യാസ്ത്രീ സിസ്റ്റർ ഇനാ കാൻബാരോ ലൂക്കാസിന്റെ മരണത്തെ തുടർന്ന് ഏപ്രിലിൽ ആണ് അവർ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായത്.
1909 ഓഗസ്റ്റ് 21 ന് ജനിച്ച അവർ എഡ്വേർഡ് ഏഴാമന്റെ കാലത്ത് ജീവിച്ചിരിക്കുന്ന അവസാനത്തെ വ്യക്തിയാണ്. 2024-ൽ മിസിസ് കാറ്റർഹാമിന്റെ 115-ാം ജന്മദിനം ആഘോഷിക്കുന്നതിനായി അദ്ദേഹത്തിന്റെ പിൻതലമുറക്കാരനായ ചാൾസ് മൂന്നാമൻ ഒരു കാർഡ് അയച്ചത് മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ടൈറ്റാനിക് ദുരന്തത്തിന് മൂന്ന് വർഷം മുമ്പും റഷ്യൻ വിപ്ലവത്തിന് എട്ട് വർഷം മുമ്പുമാണ് കാറ്റർഹാം ജനിച്ചത്. രണ്ട് ലോകമഹായുദ്ധങ്ങളിലൂടെയും അവർ കടന്നുപോയി. എട്ട് കുട്ടികളിൽ രണ്ടാമത്തെ ആളായി ഹാംഷെയറിലെ ഷിപ്റ്റൺ ബെല്ലിംഗറിൽ ജനിച്ച അവർ വിൽറ്റ്ഷെയറിലെ ടിഡ്‌വർത്തിലാണ് വളർന്നത്.
ലോകത്തിൻറെ മുതുമുത്തശ്ശിക്ക് ഒരു ഇന്ത്യൻ ബന്ധവും ഉണ്ട്. തൻറെ കൗമാര കാലത്ത് ബ്രിട്ടീഷ് കോളനിയായ ഇന്ത്യയിലും അവർ ജോലി ചെയ്തിരുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന വ്യക്തിയായി അറിയപ്പെടുന്നത് ഫ്രഞ്ച് വനിത ജീൻ ലൂയിസ് കാൽമെന്റ് ആയിരുന്നു, 1997-ൽ 122 വയസ്സും 164 ദിവസവും പ്രായമുള്ളപ്പോൾ ആണ് അവർ മരിച്ചത്.
Leave a Reply