ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലേയ്ക്ക് ആഞ്ഞടുത്ത് എറിൻ ചുഴലിക്കാറ്റ്. ചുഴലിക്കാറ്റ് എത്തുന്നതോടെ തീരപ്രദേശങ്ങളില്‍ 16 അടി ഉയരത്തില്‍ വരെ തിരമാലകള്‍ രൂപം കൊള്ളും. വാരാന്ത്യം മുഴുവൻ ചൂടുള്ള കാലാവസ്ഥ ആയിരിക്കുമെന്നാണ് മെറ്റ് ഓഫീസ് പ്രവചിക്കുന്നത്. തിങ്കളാഴ്ചയോടെ കാലാവസ്ഥ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. എറിന്‍ ചുഴലിക്കാറ്റിന്റെ സഞ്ചാരം കാലാവസ്ഥാ നിരീക്ഷകർ നോക്കി വരികയാണ്. നിലവില്‍ കാറ്റഗറി 2 വിഭാഗത്തില്‍ പെടുത്തിയിരിക്കുന്ന കൊടുങ്കാറ്റ്, ഇന്നലെ അമേരിക്കയുടെ കിഴക്കന്‍ തീരങ്ങളില്‍ ആഞ്ഞടിച്ചതിന് ശേഷമാണ് ഇപ്പോള്‍ ബ്രിട്ടനിലെത്തുന്നത്.
ശനിയാഴ്ച വടക്കൻ അയർലൻഡ്, പടിഞ്ഞാറൻ സ്കോട്ട്ലൻഡ്, വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ ചില സ്ഥലങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ക്രെയ്ഗ് സ്നെൽ പറയുന്നു. എറിൻ ചുഴലി കാറ്റ് യുകെയിൽ എത്തുന്നതോടെ തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത ഉണ്ട്. അതുകൊണ്ട് തന്നെ തീരപ്രദേശങ്ങൾ സന്ദർശിക്കുന്നവർ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് മെറ്റ് ഓഫീസ് അറിയിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റ് രാജ്യത്ത് അടുക്കുന്നതിനാൽ ഈ ദിവസങ്ങളിൽ താപനില ക്രമേണ കുറവായിരിക്കും. ചൊവ്വാഴ്ച മുതൽ, ചില പ്രദേശങ്ങളിൽ കനത്ത മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യത ഉണ്ട്. കടലിൽ ഉയർന്ന തീരമാലകൾക്കുള്ള സാധ്യത ഉള്ളതിനാൽ തീരപ്രദേശങ്ങൾ സന്ദർശിക്കുന്നവർക്ക് RNLI സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അവധിക്കാലത്ത് ബീച്ചുകൾ തിരക്കേറിയതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, ലൈഫ് ഗാർഡുകളില്ലാതെ തീരപ്രദേശങ്ങൾ സന്ദർശിക്കുമ്പോൾ കൂടുതൽ മുൻകരുതലുകൾ എടുക്കാനും RNLI നിർദ്ദേശിക്കുന്നു.
Leave a Reply