ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്രൂമിംഗ് ഗ്യാങ്‌സ് അന്വേഷണത്തെ കുറിച്ചുള്ള തന്റെ നിലപാടിനെ കുറിച്ചുള്ള ഒരു വീഡിയോ കൺസർവേറ്റീവ് എംപി റോബി മൂർ പങ്കിട്ടതിന് പിന്നാലെ തനിക്ക് നേരെ വധഭീഷണികളും ഓൺലൈൻ സ്ത്രീവിരുദ്ധ അധിക്ഷേപങ്ങളും വരുന്നതായി തുറന്ന് പറഞ്ഞ് ലേബർ എംപി അന്ന ഡിക്‌സൺ. അന്ന ഡിക്‌സൺ വെസ്റ്റ് യോർക്ക്ഷെയറിലെ ഷിപ്ലിയെയാണ് പ്രതിനിധീകരിക്കുന്നത്. നിലവിൽ പോലീസ് ഈ സംഭവം അന്വേഷിച്ച് വരികയാണ്. കീഗ്ലിയുടെയും ഇൽക്ലിയുടെയും എംപിയായ റോബി മൂർ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്നും അന്ന ഡിക്‌സൺ ആരോപിച്ചു.
തെറ്റായ കാരണങ്ങളാലാണ് അന്വേഷണത്തിനെതിരെ എംപി വോട്ട് ചെയ്തതെന്നും അന്ന ഡിക്‌സൺ ആളുകളെ തെറ്റിദ്ധരിപ്പിച്ചതായും റോബി മൂറിന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. തുടക്കം മുതൽ തന്നെ അന്വേഷണത്തിന്റെ ആശയം അന്ന നിരസിക്കുന്നുണ്ടെന്നും റോബി മൂർ പറഞ്ഞു. എന്നാൽ ടോറികൾ മുൻപോട്ട് വച്ച നിർദ്ദേശം കുട്ടികളുടെ ക്ഷേമത്തിനും സ്‌കൂൾ ബില്ലിനുമുള്ള ഭേദഗതിയുമായി ബന്ധപ്പെട്ടതിനാലാണ് താൻ എതിർത്തതെന്ന് അന്ന ഡിക്‌സൺ പറഞ്ഞു.
അതേസമയം, റോബി മൂർ പുറത്ത് വിട്ട വീഡിയോയ്ക്ക് പിന്നാലെ തനിക്ക് നേരെ വധഭീഷണിയും സൈബർ ആക്രമണവും ഉണ്ടായതായി എംപി പറഞ്ഞു. 2025 ജനുവരിയിൽ അവതരിപ്പിച്ച കൺസർവേറ്റീവ് ഭേദഗതി, കുട്ടികളുടെ സുരക്ഷ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള , ക്ഷേമ, സ്കൂൾ ബില്ലിനെ തടയുമായിരുന്നുവെന്നും എംപി വ്യക്തമാക്കി.
Leave a Reply