ന്യൂസ് ഡെസ്ക്, മലയാളം യുകെ

യൂകെയിലേയ്ക്ക് അനധികൃതമായി കുടിയേറിയ സ്വന്തം പൗരന്മാരെ തിരികെ സ്വീകരിക്കാത്ത രാജ്യങ്ങൾക്ക് ഭാവിയിൽ വിസ നിയന്ത്രണം ഏർപ്പെടുത്താൻ യു.കെ. തയാറെടുക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇംഗ്ലണ്ടിലെ പുതിയ ഹോം സെക്രട്ടറി ഷബാന മഹ്മൂദ് ആണ് ഈ സാധ്യതയെ കുറിച്ചുള്ള സൂചനകൾ പുറത്തുവിട്ടത് . ലണ്ടനിൽ നടന്ന ഫൈവ് ഐസ് സഖ്യരാജ്യങ്ങളിലെ മന്ത്രിമാരുടെ യോഗത്തിൽ (യു.എസ്, യു.കെ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്) പങ്കെടുത്ത ശേഷമാണ് അവർ ഇതു വ്യക്തമാക്കിയത്. രാജ്യത്തിന്റെ അതിർത്തി സുരക്ഷിതമാക്കുക തന്നെയാണ് തന്റെ പ്രധാന മുൻഗണനയെന്ന് അവർ വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ച മാത്രം 1,097 പേർ ചെറിയ ബോട്ടുകളിൽ ഇംഗ്ലണ്ടിൽ എത്തിയതായി കണക്ക് പുറത്തുവന്നു, ഇതോടെ 2025 -ൽ ബോട്ടിൽ വന്ന അഭയാർഥികളുടെ എണ്ണം 30,000 കവിഞ്ഞിരിക്കുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പൗരന്മാരെ തിരികെ സ്വീകരിക്കുന്ന കാര്യത്തിൽ സഹകരിക്കാത്ത രാജ്യങ്ങൾക്കെതിരെ വിസ നിയന്ത്രണം കൊണ്ടുവരുമെന്ന് മഹ്മൂദ് വ്യക്തമാക്കിയെങ്കിലും ഏതു രാജ്യങ്ങൾക്കെതിരെയായിരിക്കും നടപടിയെന്ന് വ്യക്തമാക്കിയിട്ടില്ല. ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് വിസ ആവശ്യക്കാർ കൂടുതലും. കുടിയേറ്റ വിഷയത്തിൽ ലേബർ സർക്കാർ കടുത്ത നടപടികൾ സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷത്തു നിന്നും ശക്തമായ വിമർശനം ആണ് ഉയർന്ന് വരുന്നത്.

പഴയ ഹോം സെക്രട്ടറി യെവറ്റ് കൂപ്പറിനെ മാറ്റിയാണ് ഷബാന മഹ്മൂദിനെ പ്രധാനമന്ത്രി നിയമിച്ചത്. കൂപ്പർ മൃദു സമീപനക്കാരിയെന്ന നിലയിലാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ, ലേബർ പാർട്ടിക്കുള്ളിൽ കഠിന നിലപാട് സ്വീകരിക്കുന്ന നേതാവാണ് മഹ്മൂദ്. അതിർത്തി സംരക്ഷണം, നിയമവിരുദ്ധ കുടിയേറ്റം തടയൽ, കുട്ടികളോട് നടക്കുന്ന ഓൺലൈൻ ലൈംഗിക ചൂഷണം എന്നിവയ്‌ക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനാണ് അവർ പ്രതിജ്ഞാബദ്ധയായിരിക്കുന്നത്. പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും തൊഴിലിനായി യു.കെയിൽ പോകുന്നവർക്കും വിസാ നിയന്ത്രണം ബാധകമായാൽ പഠനാവസരങ്ങൾ കുറയാനും തൊഴിൽ നേടുന്നതിൽ ബുദ്ധിമുട്ട് വരാനും സാധ്യതയുണ്ട്. കൂടാതെ, കുടുംബ സന്ദർശന വിസയും വൈകാനോ പരിമിതപ്പെടുത്താനോ സാധ്യതയുള്ളതിനാൽ, യുകെയിൽ താമസിക്കുന്ന ഇന്ത്യൻ സമൂഹത്തെയും ഇത് നേരിട്ട് ബാധിച്ചേക്കും.