ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ∙ ബ്രിട്ടനിൽ ആദ്യമായി രണ്ട് വലിയ സർവകലാശാലകൾ ഒന്നിച്ച് ചേരുന്ന ‘സൂപ്പർ യൂണിവേഴ്‌സിറ്റി’ രൂപംകൊള്ളുന്നു. കെന്റ് സർവകലാശാലയും ഗ്രീനിച്ച് സർവകലാശാലയും 2026-ലെ അധ്യയന വർഷം മുതൽ ‘ലണ്ടൻ ആൻഡ് സൗത്ത് ഈസ്റ്റ് യൂണിവേഴ്‌സിറ്റി ഗ്രൂപ്പ്’ എന്ന പേരിൽ ഒറ്റ സർവകലാശാലയായി പ്രവർത്തിക്കും. ഏകോപനത്തിന് ശേഷം ഏകദേശം 50,000 വിദ്യാർത്ഥികളുള്ള ബ്രിട്ടനിലെ ഏറ്റവും വലിയ സർവകലാശാലയായി ഇത് മാറും.
യുകെയിലെ ഓഫീസ് ഫോർ സ്റ്റുഡന്റ്സ് ഈ തീരുമാനം സ്വാഗതം ചെയ്തു. എന്നാൽ യൂണിവേഴ്‌സിറ്റി ആൻഡ് കോളേജ് യൂണിയൻ (UCU) നിരവധി പേർക്ക് ജോലി നഷ്ടപ്പെടാനുള്ള സാധ്യത ചൂണ്ടികാണിച്ചു. കെന്റ് സർവകലാശാല സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുകയായതിനാൽ ഇത് യഥാർത്ഥത്തിൽ ‘ഗ്രീനിച്ചിന്റെ ഏറ്റെടുക്കലാണെന്നാണ് യൂണിയൻ ആരോപിച്ചത് . എന്നാൽ ഇരുസർവകലാശാലകളും സാമ്പത്തിക കാര്യത്തിൽ മാത്രമല്ല അക്കാദമിക് നിലവാരത്തിലെ സ്ഥിരത ഉറപ്പാക്കാനാണ് സംയോജനം എന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്.
കഴിഞ്ഞ 20 വർഷമായി മെഡ്വേയിലെ സംയുക്ത ക്യാമ്പസിൽ ഇരു സർവകലാശാലകളും സഹകരിച്ചു വരുന്നുണ്ടെന്ന് വൈസ് ചാൻസലർ ജെയിൻ ഹാറിങ്ടൺ പറഞ്ഞു. നിലവിലെ വിദ്യാർത്ഥികൾക്കും പുതുതായി പ്രവേശിക്കുന്നവർക്കും പഠനത്തിൽ മാറ്റമൊന്നും ഉണ്ടാകില്ലെന്നും സർട്ടിഫിക്കറ്റുകൾ പഴയ സർവകലാശാലകളുടെ പേരിൽ തന്നെയായിരിക്കുമെന്നും അധികൃതർ അറിയിച്ചു. എങ്കിലും അധ്യാപക ഒഴിവുകളിൽ കുറവുണ്ടാകാനുള്ള സാധ്യത ഉണ്ടന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തുടനീളം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സർവകലാശാലകൾക്ക് ഈ നടപടി ഒരു മുന്നറിയിപ്പ് ആയിരിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
കെന്റ് സർവകലാശാല 1965-ൽ ആണ് സ്‌ഥാപിച്ചത് . വിവിധ ഗവേഷണ പദ്ധതികൾക്കും സാമൂഹ്യശാസ്ത്ര–സാങ്കേതിക പഠനങ്ങൾക്കും കെന്റ് സർവകലാശാല പ്രശസ്തമാണ്. ലണ്ടന്റെ സൗത്ത് ഈസ്റ്റ് പ്രദേശങ്ങളിലുടനീളം ക്യാമ്പസുകളുള്ള ഗ്രീനിച്ച് സർവകലാശാല 1890-ൽ ആണ് സ്ഥാപിച്ചത്. . പിന്നീട് ഇത് രാജ്യത്തെ പ്രമുഖ സർവകലാശാലകളിൽ ഒന്നായി മാറി. ഇരു സർവകലാശാലകളും ചേർന്ന് രൂപീകരിക്കുന്ന പുതിയ ‘സൂപ്പർ യൂണിവേഴ്‌സിറ്റി’ അക്കാദമിക് രംഗത്ത് വൻ മുന്നേറ്റം ഉണ്ടാക്കുമെന്നാണ് വിദ്യാഭ്യാസ വിദഗ്ദ്ധർ വിലയിരുത്തുന്നത്.
Leave a Reply