ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഫ്രാൻസിലെ കാലെയ്ക്ക് സമീപം ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിച്ചപ്പോൾ മൂന്ന് പേർ ദാരുണമായി കൊല്ലപ്പെട്ടതായുള്ള റിപ്പോർട്ടകൾ പുറത്തുവന്നു. ഇവർ കൂട്ടത്തോടെ യാത്രചെയ്തിരുന്ന ഒരു റബ്ബർ ബോട്ട് അപകടത്തിൽ പെട്ടതാണ് ദുരന്തത്തിന് ഇടയാക്കിയത്. 70-ലധികം പേരെ കയറ്റിയതു മൂലമുള്ള അമിതഭാരമാണ് ദുരന്തത്തിന് കാരണമെന്ന് ഫ്രഞ്ച് പോലീസ് പറഞ്ഞു. ആദ്യം മരിച്ചവരിൽ രണ്ട് പേർ കുട്ടികളാണെന്ന് പറഞ്ഞെങ്കിലും പിന്നീട് യുവാക്കൾ എന്നാണ് ഔദ്യോഗിക വിലയിരുത്തൽ. മരിച്ചവർ ഈജിപ്തിലും തെക്കുകിഴക്കൻ ഏഷ്യയിലും നിന്നുള്ളവരായിരിക്കാമെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. അപകടത്തിൽപ്പെട്ട മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
കാലെയ്ക്ക് സമീപമുള്ള സാങ്ങാട്ടെയിൽ പുലർച്ചെ ആണ് രക്ഷാപ്രവർത്തനം നടന്നത് . 115 പേരുമായി വന്ന മറ്റൊരു ബോട്ടിനെ ഫ്രഞ്ച് നേവി സുരക്ഷിതമായി കരയ്ക്കെത്തിച്ചു. ഇത്രയും ആളുകളെ ഒരുമിച്ച് രക്ഷപ്പെടുത്തേണ്ടി വരുന്നത് ഇതാദ്യമായിരിക്കാമെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടുത്തിടെ ഡോവറിന് സമീപം ഒരു സ്ത്രീയുടെയും ജീവൻ കുടിയേറ്റ ശ്രമത്തിനിടെ നഷ്ടപ്പെട്ടിരുന്നു. ഇത്തവണ മാത്രം ഇരുപതിലധികം പേർ ചാനലിൽ മരണമടഞ്ഞതായിആണ് കണക്കുകൾ പറയുന്നത് . 2024-ൽ മാത്രം 82 പേരുടെ മരണമാണ് രേഖപ്പെടുത്തിയതെന്നും ഐക്യരാഷ്ട്ര സഭയുടെ കുടിയേറ്റ ഏജൻസി അറിയിച്ചു.
ബ്രിട്ടനിൽ അഭയം തേടി വരുന്നവരുടെ എണ്ണം വൻതോതിൽ വർധിച്ചതോടെ രാഷ്ട്രീയ വിവാദവും രൂക്ഷമായി. 2025-ൽ ഇതുവരെ 30,000-ത്തിലധികം പേർ ചെറുബോട്ടുകളിലൂടെ യുകെയിൽ എത്തിയതായാണ് കണക്കുകൾ. കഴിഞ്ഞ വർഷം 50 പേരുടെ ജീവൻ ആണ് നഷ്ടപ്പെട്ടത്. പുതിയ ഹോം സെക്രട്ടറി ശബാന മഹ്മൂദ് അതിർത്തി സുരക്ഷ ഉറപ്പാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട് . ഫ്രാൻസും ബ്രിട്ടനും ചേർന്ന് അനധികൃത കുടിയേറ്റം കുറയ്ക്കാനുള്ള ഉടമ്പടി നടപ്പിലാക്കിയെങ്കിലും ഫലം കാണുന്നില്ല എന്നുള്ളതാണ് വാസ്തവം . ഹോട്ടലുകളിൽ താമസിപ്പിക്കുന്ന അഭയാർഥികളുടെ എണ്ണവും സർക്കാരിന് തലവേദനയായിട്ടുണ്ട്. . സർക്കാരിന്റെ നടപടികൾ പര്യാപ്തമല്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നതിനിടെ ദുരന്തങ്ങൾ തുടരുകയാണ്.
Leave a Reply