ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിലെ ചാരിങ്ങ് ക്രോസ് പോലീസ് സ്റ്റേഷനിൽ നിന്നുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വീണ്ടും മെട്രോപൊളിറ്റൻ പോലീസിന് വലിയ തിരിച്ചടി. അതിക്രമം നടത്തിയെന്നും, വിവേചനപരവും സ്ത്രീ വിരുദ്ധവുമായ പരാമർശങ്ങൾ നടത്തിയെന്നുമുള്ള ആരോപണങ്ങളെ തുടർന്ന് ഒൻപത് പോലീസ് ഓഫീസർമാരെ സസ്‌പെൻഡ് ചെയ്തു. ദ ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പോലീസ് കണ്ടക്ട് (ഐഒപിസി)യുടെ അന്വേഷണത്തിലാണ് നടപടി. പോലീസ് കോൺസ്റ്റബിള്‍ മുതല്‍ സർജന്റുവരെ പദവിയിലുള്ള ഉദ്യോഗസ്ഥരും ഒരു സ്റ്റാഫ് അംഗവും ഉൾപ്പെടെയാണ് അന്വേഷണം നേരിടുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2024 ഓഗസ്റ്റ് മുതൽ 2025 ജനുവരി വരെയുള്ള കാലയളവിൽ നടന്ന സംഭവങ്ങളുടെ പേരിലാണ് അന്വേഷണം നടക്കുന്നത്. ഡ്യൂട്ടിക്കിടെ അതിക്രമം നടത്തിയെന്നാരോപണങ്ങളും, സേവനത്തിനകത്തും പുറത്തുമായി നടത്തിയ അശ്ലീല പരാമർശങ്ങളും അന്വേഷണത്തിന്റെ ഭാഗമാണ്. കേസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെല്ലാം ചാരിങ്ങ് ക്രോസ് സ്റ്റേഷനിലെ കസ്റ്റഡി ടീമിൽ പ്രവർത്തിച്ചവരാണ്. സംഭവങ്ങൾ ഗൗരവമേറിയ ക്രിമിനൽ സ്വഭാവമുള്ളവയാണെന്നും പെരുമാറ്റ ലംഘനത്തിന്റെ ഭാഗമാണെന്നും മെട്രോ പോലീസ് വ്യക്തമാക്കി.

സംഭവത്തോട് ലണ്ടൻ മേയർ സാദിഖ് ഖാൻ കടുത്ത ഭാക്ഷയിലാണ് പ്രതികരിച്ചത്‌. ലൈംഗിക വിവേചനത്തിനും വർഗീയ പരാമർശങ്ങൾക്കും പോലീസിൽ സ്ഥലം ഇല്ലെന്ന് മേയർ വ്യക്തമാക്കി. വിവരങ്ങൾ ഞെട്ടിക്കുന്നതാണെന്നും നേതൃനിലവാരത്തിലെ പരാജയം മൂലം ഇത്തരം സംസ്കാരം വളർന്നതെന്നും മെട്രോ പോലീസ് അസിസ്റ്റന്റ് കമ്മീഷണർ മാറ്റ് ട്വിസ്റ്റ് കുറ്റപ്പെടുത്തി. ഐഒപിസി പൊതുജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കുന്നതിനായി കർശനവും സ്വതന്ത്രവുമായ അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട് .