ഡിജോ ജോൺ
ഏർഡിങ്ടൺ മലയാളി അസോസിയേഷൻ 2025 ലെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 6 ന് സെൻറ് ചാർഡ്‌സ് ചർച്ച് ഹാൾ, സട്ടൺ കോൾഡ്ഫീഡിൽ വെച്ച് അതിവിപുലമായും ആകർഷകമായും സംഘടിപ്പിച്ചു. നാട്ടിൻപുറത്തെ ഓണത്തിൻ്റെ ആത്മാവും വിദേശത്തുള്ള മലയാളികളുടെ ഐക്യവും ഒരുമിച്ചുചേർന്ന ഈ ആഘോഷം വൻജനപങ്കാളിത്തത്തോടെയായിരുന്നു.
പരിപാടികൾ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ശ്രീ ജോർജ് മാത്യു അധ്യക്ഷത വഹിച്ചു. ജനറൽ ബോഡി മീറ്റിംഗിൽ ശ്രീ അജേഷ് തോമസ് സ്വാഗതവും ശ്രീ ജോർജ് ഉണ്ണുണ്ണി നന്ദിയും അറിയിച്ചു. സെക്രട്ടറി ഡിജോ ജോൺ വാർഷിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ട്രഷറർ ശ്രീ റോണി ഈസി സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. ഓണക്കളികളുടെ ആവേശം മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ആകർഷിച്ചു. വടംവലി പോലെയുള്ള മത്സരങ്ങൾ ആഘോഷത്തിന് സവിശേഷ മിഴിവേകി. അതോടൊപ്പം, ഏരിയാ തിരിച്ചുള്ള ഓണപ്പാട്ട് മത്സരത്തിൽ കിങ്സ്ബറി ഏരിയ ഒന്നാം സ്ഥാനവും സെൻട്രൽ ഏരിയ രണ്ടാം സ്ഥാനവും പങ്കിട്ടു. ഓണാഘോഷത്തിന്റെ പ്രധാന ആകർഷണമായ വിഭവസമൃദ്ധമായ ഓണസദ്യ എല്ലാവർക്കും നാട്ടിൻപുറത്തെ ഓണത്തിന്റെ ഓർമ്മ പുതുക്കി. കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾക്ക് കൾച്ചറൽ കോർഡിനേറ്റർ ഷൈനി ജോർജ് നേതൃത്വം നൽകി. ഗാനനൃത്തങ്ങളാലും സാംസ്കാരിക അവതരണങ്ങളാലും നിറഞ്ഞ ഈ പരിപാടികൾ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. കൂടാതെ, മഹാബലിയുടെ സാന്നിധ്യം പരിപാടിയെ കൂടുതൽ ആഘോഷാത്മകമാക്കി.
അസോസിയേഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി, GCSE, A ലെവൽ പരീക്ഷയിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനദാനം നടത്തി. അധ്യക്ഷ പ്രസംഗത്തിൽ, പ്രസിഡന്റ് അടുത്ത ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ ജനുവരി 17ന് നടക്കുമെന്ന് അറിയിച്ചു. നാട്ടിൽ നിന്നുള്ള ഒരു സ്റ്റേജ് പ്രോഗ്രാം കൊണ്ടുവരാനുള്ള പദ്ധതിയും അദ്ദേഹം അറിയിച്ചു. പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് ആനി കുര്യൻ, തോമസ് എബ്രഹാം, ജിനേഷ് സി മനയിൽ എന്നിവർ അടക്കം കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.
സമയബന്ധിതമായി ആരംഭിച്ച് ക്രമബദ്ധമായി സമാപിച്ച ഈ ആഘോഷം, പങ്കെടുത്തവരുടെ മനസ്സിൽ ഏറെ സന്തോഷവും അഭിമാനവും നിറച്ചുകൊണ്ട് വിജയകരമായി സമാപിച്ചു.
Leave a Reply