ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗൂഗിള്‍ ഉടമസ്ഥരായ ആല്‍ഫബെറ്റ് ബ്രിട്ടനില്‍ 5 ബില്യണ്‍ പൗണ്ട് (ഏകദേശം 6.8 ബില്യണ്‍ ഡോളര്‍) നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കൃത്രിമബുദ്ധി മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങളും ശാസ്ത്രീയ ഗവേഷണവും വികസിപ്പിക്കാനാണ് ഈ വമ്പന്‍ തുക വിനിയോഗിക്കുന്നത്. ട്രംപ് ബ്രിട്ടന്‍ സന്ദര്‍ശിക്കുന്നതിന് മുന്നോടിയായി പ്രഖ്യാപിച്ച അമേരിക്കന്‍ ടെക് കമ്പനികളുടെ നിക്ഷേപ പരമ്പരയിലെ ആദ്യപ്രഖ്യാപനമാണ് ഇത് . യുകെയില്‍ ശാസ്ത്ര പുരോഗതിക്കും സാമ്പത്തിക വളര്‍ച്ചയ്ക്കും അനവധി സാധ്യതകളാണ് തുറന്നു കിടക്കുന്നത് എന്ന് ഗൂഗിളിന്റെ പ്രസിഡന്റ് റൂത്ത് പോറാത്ത് വ്യക്തമാക്കി.
ഹര്‍ട്‌ഫോര്‍ഷെയറിലെ വാള്‍ത്താം ക്രോസില്‍ 735 മില്യണ്‍ പൗണ്ട് ചെലവില്‍ നിര്‍മ്മിച്ച പുതിയ ഡേറ്റാ സെന്റര്‍ ഉടന്‍ ഉദ്ഘാടനം ചെയ്യും. 5 ബില്യണ്‍ പൗണ്ടിന്റെ ഭാഗമായുള്ള നിക്ഷേപം ഈ ഡേറ്റാ സെന്ററിന്റെ വികസനത്തിനും ശേഷി വര്‍ധനയ്ക്കുമായി വിനിയോഗിക്കും. കൂടാതെ ലണ്ടനില്‍ പ്രവര്‍ത്തിക്കുന്ന ഡീപ്‌മൈന്‍ഡ് ഗവേഷണ സ്ഥാപനത്തിനും സാമ്പത്തിക സഹായം ലഭിക്കും. നോബല്‍ ജേതാവ് ഡെമിസ് ഹസാബിസ് നേതൃത്വം നല്‍കുന്ന ഡീപ്‌മൈന്‍ഡ്, കൃത്രിമബുദ്ധി ഉപയോഗിച്ച് മെഡിസിന്‍, ശാസ്ത്രീയ ഗവേഷണം തുടങ്ങി നിരവധി മേഖലകളില്‍ പുതിയ വഴിത്താരകള്‍ തുറന്നിട്ടുണ്ട്.
പരിസ്ഥിതിയോട് സൗഹൃദപരമായി പ്രവര്‍ത്തിക്കാനാണ് ഗൂഗിള്‍ പദ്ധതി ഒരുക്കിയിരിക്കുന്നത്. ജലത്തിന് പകരം എയര്‍-കൂളിങ് സംവിധാനം ഉപയോഗിക്കുന്ന ഡേറ്റാ സെന്ററുകളില്‍ നിന്നുള്ള ചൂട് പ്രാദേശിക സ്കൂളുകളുടെയും വീടുകളുടെയും ഹീറ്റിങ്ങിന് നല്‍കും. ഷെല്ലുമായി കരാറിലൂടെ 95 ശതമാനം കാര്‍ബണ്‍-ഫ്രീ ഊര്‍ജം ലഭ്യമാക്കുമെന്ന് കമ്പനി വ്യക്തമാക്കി. തൊഴില്‍ മേഖലയിലെ ഭാവിയെ കുറിച്ച് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കുകയും, AI ചില മേഖലകളില്‍ കാര്യക്ഷമത വര്‍ധിപ്പിച്ചാലും പുതിയ വ്യവസായങ്ങളും തൊഴില്‍ അവസരങ്ങളും ഉയര്‍ന്നു വരുമെന്നും വ്യക്തമാക്കി. മനുഷ്യരെ ഒഴിവാക്കുന്നതിന് പകരം സഹായിക്കുന്ന രീതിയിൽ AI പ്രവര്‍ത്തിക്കുമെന്നും കമ്പനി വ്യക്തമാക്കി.
Leave a Reply