മുകുൾ ജയശ്രീ കിഷോർ, കാർഡിഫ്
വെയിൽസ്: വെയിൽസിലെ ബാരി മലയാളി വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം ബാരിയിലെ സെന്റ് റിച്ചാർഡ് ഗ്വിൻ ഹൈ സ്കൂളിൽ വച്ച് സെപ്റ്റംബർ 13ന് അതിഗംഭീരമായി ആഘോഷിച്ചു. ആഘോഷത്തിൽ അധ്യക്ഷനായി അസോസിയേഷൻ പ്രസിഡന്റ് ശ്രി ടോംബിൾ കണ്ണത്, മുഖ്യ അതിഥിയായി വെയിൽ ഓഫ് ഗ്ളാമോർഗനിലെ എം പിയും യുകെ ഗവണ്മെന്റിന്റെ പുതിയ സയൻസ് ആൻഡ് ടെക്നോളജി വകുപ്പിന്റെ മന്ത്രിയുമായ ശ്രീ കനിഷ്ക നാരായൺ, മറ്റ് വിശിഷ്ട അതിഥികളായി ഇന്ത്യൻ ഹൈ കമ്മീഷന്റെ വെയിൽസിലെ കോൺസുലർ ആയ ക്യാപ്റ്റൻ രാജ് അഗർവാൾ, വെയിൽ ഓഫ് ഗ്ളാമോർഗൻ ബോറോ കൗന്റിയുടെ ഡെപ്യൂട്ടി മേയർ കൗൺസിലർ കാരിസ് സ്റ്റെല്ലാർഡ് , യുക്മ ദേശീയ കമ്മറ്റി അംഗവും ലാൻഡോക് കമ്മ്യൂണിറ്റി കൗൺസിലറും ആയ ശ്രി ബെന്നി അഗസ്റ്റിൻ, വെയിൽസിലെ തമിൾ സംഗം പ്രസിഡന്റ് ശ്രിമതി കല്പന നടരാജൻ എന്നിവർ സന്നിഹിതരായിരുന്നു. അസോസിയേഷൻ സെക്രട്ടറി ശ്രി പ്രവീൺ കുമാർ സ്വാഗതം അർപ്പിച്ചു. അതിഥികളായി വന്ന എല്ലാവരെയും പ്രസിഡന്റ് ടോംബിൾ കണ്ണത് പൊന്നാടയണിയിച്ചുകൊണ്ട് സ്വീകരിച്ചു.
ബാരി മലയാളി വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം രാവിലെ പതിനൊന്നു മണിയോടെ കുട്ടികൾക്കായുള്ള ‘കുഞ്ഞോണം’ എന്ന പാരിപാടിയോടെ ആരംഭിച്ചു. പന്ത്രണ്ട് മണിക്ക് ഓണസദ്യ ആരംഭിച്ചു. ബാരിയിലെ സജിന്റെ ( കേരള ഫുഡ് ബീറ്റ്സ് ) വളരെ രുചികരമായ ഓണസദ്യ എല്ലാവരും ആസ്വദിച്ചു. രണ്ടുമണിക്ക് പുതിയ യുകെ മന്ത്രിയായ ശ്രി. കനിഷ്ക നാരായണന് പ്രത്യേക സ്വീകരണം നൽകി. മുഖ്യ അതിഥിയായ മന്ത്രി ശ്രി കനിഷ്ക നാരായൺ ബാരി മലയാളി അസ്സോസിയേഷന്റ ഈ വർഷത്തെ ഓണാഘോഷം നിലവിളക്കിനു തിരി കൊളുത്തികൊണ്ട് ഉത്ഘാടനം ചെയ്തു. തനിക്കു പുതിയതായി തന്നിരിക്കുന്ന സയൻസ് ആൻഡ് ടെക്നോളജി മന്ത്രി എന്ന സ്ഥാനം ഏറ്റവും നല്ല രീതിയിൽ ചെയ്യുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. അതുപോലെതന്നെ മലയാളി വെൽഫെയർ അസോസിയേഷൻ തനിക്ക് തന്ന സ്വീകരണത്തിന് എല്ലാവരോടും നന്ദി അർപ്പിച്ചു.
ഇന്ത്യൻ ഹൈ കമ്മീഷന്റെ വെയിൽസിലെ കോൺസുലാർ ആയ ക്യാപ്റ്റൻ രാജ് അഗർവാൾ എല്ലാവർക്കും ഓണം ആശംസിക്കുകയും ഇങ്ങനെയുള്ള ആഘോഷങ്ങളിലൂടെ നമ്മുടെ തനതായ സംസ്കാരവും, കലയും ഡാൻസും ഒക്കെ പ്രദർശിപ്പിക്കുവാനുള്ള ഒരവസരമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുക്മയുടെ ദേശീയ കമ്മറ്റി അംഗവും ലാൻഡോക്കിലെ കമ്മ്യൂണിറ്റി കൗൺസിലർ കൂടിയായ കൗൺസിലർ ബെന്നി അഗസ്റ്റിൻ എല്ലാ വിശിഷ്ടാതിഥികളെ സദസിന് പരിചയപ്പെടുത്തുകയും, യുക്മ എന്തിന് വേണ്ടി നിലകൊള്ളുന്നുവെന്നും യുക്മയുടെ ഓരോ പ്രവർത്തനങ്ങളിലും യുക്മയുമായി സഹകരിച്ചു പങ്കെടുക്കുവാനും അഭ്യർത്ഥിച്ചു. യുക്മ എന്ന പ്രസ്ഥാനത്തിലൂടെ വരും തലമുറയ്ക്ക് നമ്മുടെ കേരളീയ സംസ്കാരവും പാരമ്പര്യവും മനസിലാക്കുവാനും, കലയോടും സാഹിത്യത്തോടും അവർക്കൊരു അഭിരുചി ജനിപ്പിക്കുവാനും സഹായിക്കട്ടെ എന്നുകൂടി അദ്ദേഹം സൂചിപ്പിച്ചു.
ഉൽഘാടന സമ്മേളനത്തിന് ശേഷം മലയാളി വെൽഫെയർ അസോസിയേഷൻ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ നടന്നു. തിരുവാതിര, സിനിമാറ്റിക് ഡാൻസസ്, കൈകൊട്ടിക്കളി, പാട്ടുകൾ, മിട്ടായി പറക്കൽ, കസേരകളി, തുടങ്ങിയ അനവധി പരിപാടികൾ സ്റ്റേജിൽ അവതരിപ്പിച്ചു. ഈ വർഷത്തെ ഓണാഘോഷപരിപാടികൾ സ്പോൺസർ ചെയ്തിരുന്നത് ഇൻഫിനിറ്റി മോർട്ടഗേജും, കാർഡിഫ് മല്ലു ഷോപ്പും ആണ്. ഇന്നേ ദിവസത്തെ എല്ലാ ഫോട്ടോകളും എടുത്തിരിക്കുന്നത് അശ്വിൻ തെങ്ങുംപള്ളിയിൽ ആണ്. മലയാളി വെൽഫെയർ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം വിജയപ്രദമാക്കുന്നതിനു വേണ്ടി കമ്മറ്റി അംഗങ്ങളായ ബെർലി, ഷാജി തോമസ്, പ്രവീൺ കുമാർ, ഡിറോൺ, വിഷ്ണു പ്രസാദ്, അനന്തൻ, റ്റിബിൻ, ജിബിൻ, ഗീവർഗീസ് മാത്യു അരവിന്ദ് എന്നിവരും പുതിയതായി കമ്മറ്റിയിൽ വന്ന നിതിൻ, മുകുൾ, ശ്രീജിത്ത്, ഹരിത തുടങ്ങിയവരും നേതൃത്വം നൽകിയപ്പോൾ പരിപാടിയിൽ പങ്കെടുത്തവർ എല്ലാവരും കാഴ്ചക്കാർ ആയി നില്കാതെ ഒത്തൊരുമിച്ചു പ്രവർത്തിചത് പരിപാടിയുടെ മാറ്റ് കൂട്ടി. എല്ലാവർക്കും ഒരു നല്ല സമൃദ്ധിയുടെയും സമാധാനത്തിന്റെയും നാളുകൾ നേർന്നു കൊണ്ടും പുതു പരിപാടികൾ പ്രഖ്യാപിച്ചുകൊണ്ടും ഈ വർഷത്തെ ഓണാഘോഷം പര്യവസാനിച്ചു.
Leave a Reply