ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഹീത്രു ഉൾപ്പെടെ യൂറോപ്പിലെ നിരവധി വിമാനത്താവളങ്ങളിലെ ചെക്ക്-ഇൻ, ബാഗേജ് സിസ്റ്റങ്ങൾ സൈബർ ആക്രമണത്തെ തുടർന്ന് തകരാറിലായി. കൊളിൻസ് എയറോസ്പേസ് നൽകുന്ന ‘മ്യൂസ്’ സോഫ്റ്റ്വെയറാണ് ഹാക്കർമാരുടെ ആക്രമണത്തിന് ഇരയായത് . ബ്രസ്സൽസ്, ബെർലിൻ, ഡബ്ലിൻ വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളും തകരാറിലായതായതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചില വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തു. ബ്രിട്ടീഷ് എയർവേയ്സ് മാത്രമാണ് ബാക്കപ്പ് സിസ്റ്റം ഉപയോഗിച്ച് സാധാരണ സർവീസുകൾ തുടരുന്നത്.
യൂറോ കൺട്രോൾ ചില സർവീസുകൾ റദ്ദാക്കാൻ നിർദ്ദേശം നൽകിയപ്പോൾ ആയിരക്കണക്കിന് യാത്രക്കാർ ആണ് മണിക്കൂറുകളോളം കുടുങ്ങി കിടക്കുന്ന അവസ്ഥയാണ് ഉള്ളത് . ചില വിദഗ്ധർ റാൻസംവെയർ ആക്രമണമാകാമെന്ന് സൂചിപ്പിച്ചെങ്കിലും ആക്രമണത്തിന്റെ ഉറവിടം വ്യക്തമല്ല. ഗതാഗത വകുപ്പ് സംഭവ വികാസങ്ങൾ നിരീക്ഷിക്കുകയാണെന്ന് അറിയിച്ചു. കഴിഞ്ഞ വർഷം ക്രൗഡ്സ്ട്രൈക്ക് നൽകിയ സോഫ്റ്റ്വെയർ അപ്ഡേറ്റ് പിഴവ് കാരണം ആഗോളതലത്തിൽ വിമാന സർവീസുകൾ മണിക്കൂറുകളോളം നിലച്ചിരുന്നു. അമേരിക്കയിൽ നിരവധി വിമാനങ്ങളുടെ യാത്ര മുടങ്ങിയപ്പോൾ യൂറോപ്പിലും സർവീസുകളിൽ തടസ്സം നേരിട്ടു.
Leave a Reply