ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ ഇന്ന് ഞായറാഴ്ച വൈകുന്നേരം പാലസ്തീനെ ഔദ്യോഗികമായി രാഷ്ട്രമെന്ന് അംഗീകരിക്കുന്നതായി പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. ഗാസയിലെ രൂക്ഷമായ സംഘർഷത്തിന്റെയും , ഇസ്രായേൽ വടക്കുപടിഞ്ഞാറൻ തീരത്ത് നടത്തുന്ന അനധികൃത കടന്നുകയറ്റത്തിന്റെയും പശ്ചാത്തലത്തിന്റെ വെളിച്ചത്തിൽ ഈ നടപടിക്ക് ഒട്ടേറെ രാഷ്ട്രീയ മാനങ്ങൾ ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെ പലരും ഈ നീക്കത്തെ “ഭീകരവാദത്തിന് പ്രതിഫലം” എന്നാണ് വിശേഷിപ്പിച്ചത് . ഹമാസ് പിടിച്ചിരിക്കുന്ന തടവുകാരുടെ ബന്ധുക്കൾ പോലും സ്റ്റാർമറിന് തുറന്ന കത്ത് എഴുതി നടപടി പാടില്ലെന്ന് അഭ്യർത്ഥിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പോലും ഔദ്യോഗിക അംഗീകാരത്തിന് എതിർപ്പ് രേഖപ്പെടുത്തി. എങ്കിലും യുകെ മന്ത്രിമാർ മനുഷ്യാവകാശ ഉത്തരവാദിത്വത്തിന്റെ ഭാഗമായി പാലസ്തീനെ അംഗീകരിക്കേണ്ട സാഹചര്യമാണെന്ന് വാദിക്കുന്നു.
പാലസ്തീൻ അതോറിറ്റി പ്രസിഡൻ്റ് മഹ്മൂദ് അബ്ബാസ് യുകെയുടെ തീരുമാനം സ്വാഗതം ചെയ്തിട്ടുണ്ട്. പല യൂറോപ്യൻ രാജ്യങ്ങളും ഇതിനോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് സമാനമായ നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ യുഎന്നിലെ 193 അംഗരാജ്യങ്ങളിൽ 75% പാലസ്തീനെ അംഗീകരിച്ചിട്ടുണ്ടെങ്കിലും അന്താരാഷ്ട്രമായി അംഗീകൃതമായ അതിർത്തിയോ തലസ്ഥാനമോ സൈന്യമോ ഇല്ലാത്തതിനാൽ അത് പ്രതീകാത്മകമായ അംഗീകാരമായി മാത്രമേ കണക്കാക്കപ്പെടുന്നുള്ളൂ.
Leave a Reply