ന്യൂസ് ഡെസ്ക്, മലയാളം യുകെ

യൂറോപ്പിലെ പ്രമുഖ വിമാനത്താവളങ്ങളിൽ, പ്രത്യേകിച്ച് ലണ്ടൻ ഹീത്രൂ, ബ്രസൽസ്, ബെർലിൻ എന്നിവിടങ്ങളിൽ, സൈബർ ആക്രമണം മൂലം ചെക്ക്-ഇൻ, ബാഗേജ് സംവിധാനം തകരാറിലായത് രണ്ടാം ദിവസവും തുടരുകയാണ് . വിമാനത്തവാളത്തിൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ഹാക്ക് ചെയ്യപ്പെട്ടതാണ് കാരണമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പല എയർലൈൻസുകളും കംപ്യൂട്ടറുകൾ ഉപയോഗിക്കാതെ പേപ്പറിൽ യാത്രക്കാരെ രേഖപ്പെടുത്തി ബോർഡിംഗ് നടത്തേണ്ടി വന്നു. ഹീത്രൂ വിമാനത്താവളത്തിൽ ശനിയാഴ്ച പുറപ്പെടേണ്ട വിമാനങ്ങളിൽ 47 ശതമാനം വൈകിയാണ് യാത്ര തിരിച്ചത്. അധിക സ്റ്റാഫിനെ ഉപയോഗിച്ച് തടസം മറികടക്കാൻ അധികൃതർ ശ്രമിക്കുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബ്രസൽസ് വിമാനത്താവളം ഞായറാഴ്ചയും മാനുവൽ ചെക്ക്-ഇൻ തുടരുന്നുണ്ടെന്ന് വ്യക്തമാക്കി. ഇവിടെ 44 വിമാന സർവീസുകൾ ഇതിനകം റദ്ദാക്കിയതായി അറിയിച്ചു. യൂറോപ്യൻ വ്യോമസുരക്ഷാ സംഘടനയായ യൂറോകൺട്രോൾ, വിമാന സർവീസുകളുടെ പകുതി താൽക്കാലികമായി റദ്ദാക്കാൻ നിർദേശിക്കുകയും, ബെർലിൻ ബ്രാൻഡൻബർഗ് വിമാനത്താവളം യാത്രക്കാരോട് ഓൺലൈൻ അല്ലെങ്കിൽ സ്വയം സേവന ചെക്ക്-ഇൻ ഉപയോഗിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. ഡബ്ലിൻ വിമാനത്താവളം സർവീസ് പൂർണ്ണമായി നടത്തുമെന്ന് ഉറപ്പു നൽകിയെങ്കിലും ചില എയർലൈൻസുകൾ മാനുവൽ ചെക്ക്-ഇൻ തുടരുന്നുണ്ടെന്ന് വ്യക്തമാക്കി.

ഹീത്രൂ വിമാനത്താവളത്തിൽ ബ്രിട്ടീഷ് എയർവേയ്സ് ബാക്ക്‌അപ്പ് സിസ്റ്റം ഉപയോഗിച്ച് സർവീസുകൾ സാധാരണ പോലെ തുടരുമ്പോൾ മറ്റ് എയർലൈൻസുകൾക്ക് തടസമുണ്ടായി. സംഭവത്തെ തുടർന്ന് യു.കെ. നാഷണൽ സൈബർ സെക്യൂരിറ്റി സെന്ററും യൂറോപ്യൻ കമ്മീഷനും അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ജൂലൈയിൽ ക്രൗഡ്‌സ്റ്റ്രൈക്ക് സോഫ്റ്റ്‌വെയറിലെ പിഴവുമൂലം ഉണ്ടായ ആഗോള ഐ.ടി തകരാറിനുശേഷം വീണ്ടും സൈബർ ഭീഷണി വിവര സാങ്കേതിക വിദ്യയെ അമിതമായി ആശ്രയിക്കുന്നതിനെ ചോദ്യം ചെയ്യുന്ന തരത്തിലാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.