ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ഗാറ്റ്വിക് വിമാനത്താവളത്തിൽ രണ്ടാമത്തെ റൺവേയ്ക്ക് ഗതാഗത സെക്രട്ടറി ഹൈഡി അലക്സാണ്ടർ അനുമതി നൽകി. 2.2 ബില്യൺ പൗണ്ട് ചെലവഴിക്കുന്ന സ്വകാര്യ പദ്ധതിയിലൂടെ 12 മീറ്റർ മാറ്റി സ്ഥാപിക്കുന്ന വടക്കൻ റൺവേയും ടെർമിനൽ വികസനവും ഇതിൽ ഉൾപ്പെടും. നിലവിൽ വർഷം 40 മില്യൺ യാത്രക്കാരെ കൈകാര്യം ചെയ്യുന്ന വിമാനത്താവളം ഭാവിയിൽ 80 മില്യൺ യാത്രക്കാരെ കൈകാര്യം ചെയ്യാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
പദ്ധതി നടപ്പിലായാൽ വിമാന സർവീസുകൾ 280,000ൽ നിന്ന് 389,000 ആയി ഉയരുമെന്നാണ് വിലയിരുത്തൽ. സർക്കാർ ഇതിനെ നിർണ്ണായകമായ വളർച്ച എന്നാണ് വിശേഷിപ്പിച്ചത്. തൊഴിൽ അവസരങ്ങളും പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്കുള്ള വളർച്ചയും പദ്ധതിയുടെ നേട്ടങ്ങളായി ആണ് സർക്കാർ ചൂണ്ടിക്കാട്ടിയത് . എന്നാൽ ശബ്ദ മലിനീകരണം, ഗതാഗത തടസ്സം, വായു ഗുണമേന്മയിലെ ഇടിവ് തുടങ്ങിയ കാര്യങ്ങളിൽ പ്രാദേശിക വാസികൾ കടുത്ത ആശങ്ക പ്രകടിപ്പിച്ചു.
പരിസ്ഥിതി സംഘടനകളും ഗ്രീൻ പാർട്ടി നേതാക്കളും പദ്ധതിയെ ‘കാലാവസ്ഥാ ദുരന്തം’ എന്നാണ് വിശേഷിപ്പിച്ചത് . ശബ്ദ നിയന്ത്രണവും പൊതുഗതാഗതം കൂടുതൽ പ്രോത്സാഹിപ്പിക്കലും ഉൾപ്പെടെ കർശന നിബന്ധനകൾ പാലിച്ചാലേ പദ്ധതി മുന്നോട്ടു പോകുകയുള്ളു എന്ന് അധികൃതർ വ്യക്തമാക്കി. പ്രതിഷേധം ശക്തമായാൽ നിയമനടപടികളിലൂടെ തടയാനുള്ള നീക്കവും നാട്ടുകാർ ആരംഭിച്ചിട്ടുണ്ട്. ഹീത്രൂ വിമാനത്താവളത്തിലെ മൂന്നാം റൺവേ പദ്ധതിപോലെ തന്നെ ഗാറ്റ്വിക്കിലെയും പ്രതിഷേധം വർഷങ്ങളോളം നീണ്ടുപോകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. എങ്കിലും തൊഴിൽസാധ്യതകളെ മുൻനിർത്തി തൊഴിലാളി യൂണിയനുകൾ പദ്ധതിയെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ്.
Leave a Reply