ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടന്റെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ ജാഗ്വാർ ലാൻഡ് റോവർ (JLR കമ്പനിയുടെ ഉൽപാദന പ്രവർത്തനങ്ങൾ സൈബർ ആക്രമണത്തെ തുടർന്ന് അവതാളത്തിലായി. ഓഗസ്റ്റ് 31-ന് ആരംഭിച്ച അടച്ചിടൽ ഒക്ടോബർ 1 വരെ നീട്ടുന്നതായി കമ്പനി പ്രഖ്യാപിച്ചു. ദിവസേന കോടിക്കണക്കിന് പൗണ്ട് നഷ്ടം നേരിടേണ്ടി വരുന്ന സാഹചര്യം കമ്പനിക്കും തൊഴിലാളികൾക്കും വിതരണക്കാർക്കും വലിയ വെല്ലുവിളിയായി മാറുകയാണ്. കമ്പനിയുടെ ഉടമസ്ഥരായ ഇന്ത്യൻ വ്യവസായ ഭീമനായ ടാറ്റ ഗ്രൂപ്പിന് (Tata Motors) തന്നെ ഈ സംഭവത്തിൽ വൻ സാമ്പത്തിക ആഘാതമുണ്ടാകുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. പ്രവർത്തനങ്ങൾ സുരക്ഷിതമായി പുനരാരംഭിക്കുന്നതിനായി വിദഗ്ധരുടെ സഹായത്തോടെ അന്വേഷണം തുടരുകയാണെന്നും, ഉപഭോക്താക്കളെയും ജീവനക്കാരെയും വിതരണക്കാരെയും പിന്തുണയ്ക്കാൻ ശ്രമിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജെ.എൽ.ആറിന്റെ ബ്രിട്ടീഷ് പ്ലാന്റുകളിലെ ഏകദേശം 33,000 തൊഴിലാളികളെയും, വിതരണ ശൃംഖലയിലെ 200,000-ത്തിലധികം ആളുകളെയും ബാധിക്കുന്ന പ്രതിസന്ധിയായാണ് ഇപ്പോൾ രൂപപ്പെട്ടിരിക്കുന്നത്. പ്രത്യേകിച്ച് സോളിഹൾ, ഹാലിവുഡ് പ്ലാന്റുകളിൽ തൊഴിലാളികൾക്ക് പകുതി ഷിഫ്റ്റ് ജോലികൾ പോലും നൽകാൻ സാധിക്കുന്നില്ല . വിതരണ സംവിധാനം തകരാറിലായതിനാൽ വാഹന നിർമ്മാണത്തിനാവശ്യമായ ഘടകങ്ങൾ ലഭിക്കാതെ വിതരണക്കാർക്കും പ്രവർത്തനം നിർത്തി വയ്ക്കേണ്ടി വന്നു. ഇതിനൊപ്പം, പല കമ്പനികളും തൊഴിലാളികളെ താത്കാലികമായി പിരിച്ചുവിടുന്ന അവസ്ഥയാണ്. സർക്കാർ ഇടപെടലും സഹായവും അടിന്തിരമായി വേണമെന്ന് തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ കമ്പനി കഴിഞ്ഞ വർഷം മാത്രം 2.2 ബില്യൺ പൗണ്ട് ലാഭം നേടിയതിനാൽ വിതരണക്കാർക്ക് സംരക്ഷണം നൽകേണ്ടത് കമ്പനിയുടെ ഉത്തരവാദിത്വമാണെന്നും അഭിപ്രായങ്ങൾ ഉയരുന്നു.

കമ്പനിയുടെ ഐ.ടി. സംവിധാനം പൂർണ്ണമായും നിലച്ചതിനാൽ ചൈന, ഇന്ത്യ, സ്ലോവാക്യ, ബ്രസീൽ പ്ലാന്റുകളിലും ഉൽപാദനം തടസ്സപ്പെട്ടിരിക്കുകയാണ്. ഹാക്കർമാർ നടത്തിയതായി കരുതുന്ന റാൻസംവെയർ ആക്രമണത്തെ തുടർന്ന് വാഹനങ്ങളുടെ രജിസ്ട്രേഷൻ, സ്പെയർ പാർട്ട്സ് ഓർഡർ, ഡയഗ്നസ്റ്റിക് സോഫ്റ്റ്‌വെയർ തുടങ്ങി അനിവാര്യമായ സേവനങ്ങളും നിലച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം കമ്പനിയുടെ ഐ.ടി. സേവനങ്ങൾ ഇന്ത്യൻ കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസിന് (TCS) കൈമാറിയതിനെ തുടർന്ന് സുരക്ഷാ പോരായ്മകൾ വർദ്ധിച്ചതായി വിദഗ്ധർ വിലയിരുത്തുന്നു. സംഭവത്തിൽ ഇന്ത്യയിലെയും ബ്രിട്ടനിലെയും സാങ്കേതിക വിദഗ്ധർ ചേർന്ന് അന്വേഷണം നടത്തുകയാണ്. ഭാവിയിൽ ഇത്തരത്തിലുള്ള ആക്രമണങ്ങളെ നേരിടാൻ കൂടുതൽ കരുത്തുറ്റ സംവിധാനങ്ങൾ ആവശ്യമാണെന്നും, രാജ്യാന്തര വ്യവസായങ്ങൾക്ക് സൈബർ പ്രതിരോധത്തിൽ കൂടുതൽ നിക്ഷേപം ചെയ്യേണ്ടി വരുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.