ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ ജാഗ്വാർ ലാൻഡ് റോവറിന് നേരെയുണ്ടായ സൈബർ ആക്രമണത്തെ തുടർന്ന് കമ്പനിയുടെ ഉൽപാദനം താൽക്കാലികമായി നിലച്ചിരിക്കുകയാണ്. സെപ്റ്റംബർ ഒന്നിന് നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, സോളിഹൾ, വുൾവർഹാംപ്ടൺ, ഹാലിവുഡ് ഫാക്ടറികളിൽ നിന്നുള്ള ഉൽപാദനം ഒക്ടോബർ ഒന്നിന് മുമ്പ് പുനരാരംഭിക്കാനാകില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഉൽപാദനം മുടങ്ങിയതിനെ തുടർന്ന് കമ്പനിക്ക് പ്രതിവാരം ഏകദേശം 50 മില്യൺ പൗണ്ട് നഷ്ടം സംഭവിക്കുന്നതായാണ് കണക്കുകൾ കാണിക്കുന്നത് .
ഇതിനിടയിൽ, ജെഎൽആറിന്റെ സപ്ലൈ ചെയിനിൽ പ്രവർത്തിക്കുന്ന ചെറിയ സ്ഥാപനങ്ങൾ ഗുരുതര പ്രതിസന്ധി നേരിടുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. നിരവധി കമ്പനികൾ മുഴുവൻ ജെഎൽആറിന്റെ ഓർഡറുകളിൽ മാത്രമാണ് ആശ്രയിക്കുന്നത്. നിരവധി പേരുടെ ജോലി നഷ്ടത്തിനും ഈ പ്രതിസന്ധി വഴിവെച്ചിട്ടുണ്ട് . നിലവിലെ പ്രതിസന്ധി തരണം ചെയ്യാൻ സർക്കാർ ഇടപെടണമെന്ന ആവശ്യം ഉയർന്നിരിക്കുകയാണ്. സർക്കാർ പിന്തുണയോടെ വായ്പ അനുവദിക്കുകയാണ് പരിഹാരമായി പരിഗണനയിലുള്ള ചില മാർഗങ്ങൾ.
മൂന്നുലക്ഷത്തോളം പേർ നേരിട്ട് ജെഎൽആറിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും, ഏകദേശം ഒരു ലക്ഷം തൊഴിലാളികൾ വിതരണ ശൃംഖലയിലാണ് ആശ്രയിച്ചിരിക്കുന്നത്. വ്യവസായ മന്ത്രിമാർ പ്രദേശത്ത് എത്തി സ്ഥാപനങ്ങളെ സന്ദർശിച്ചു കൊണ്ടിരിക്കുകയാണ്. സർക്കാർ നടപടിയില്ലെങ്കിൽ തൊഴിലവസരങ്ങൾക്കും രാജ്യത്തിന്റെ വരുമാനത്തിനും ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പും ഉയരുന്നു.
Leave a Reply