ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലേബർ സർക്കാരിന്റെ നേതൃത്വത്തിൽ ഇംഗ്ലണ്ടിൽ 12 പുതിയ പട്ടണങ്ങൾ നിർമ്മിക്കുന്ന മഹാപദ്ധതി പ്രഖ്യാപിച്ചു. രാജ്യത്തെ ഗുരുതരമായ ഭവന പ്രതിസന്ധിയെ നേരിടാനുള്ള ശ്രമത്തിന്റെ ഭാഗമായി ഹൗസിംഗ് സെക്രട്ടറി സ്റ്റീവ് റീഡ് ലിവർപൂളിൽ നടക്കുന്ന ലേബർ വാർഷിക കോൺഫറൻസിലാണ് പദ്ധതി പുറത്തു വിട്ടത്. പ്രധാനമന്ത്രി കിയർ സ്റ്റാർമർ ഇതിനെ ദേശീയ പുനരുജ്ജീവനത്തിന്റെ പദ്ധതി എന്നാണ് വിശേഷിപ്പിച്ചത്. കഴിഞ്ഞ വർഷം രൂപീകരിച്ച ന്യൂ ടൗൺസ് ടാസ്‌ക്ഫോഴ്‌സ് സമർപ്പിച്ച ശുപാർശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
1945 മുതൽ 1951 വരെ ക്ലെമെന്റ് അറ്റ്‌ലിയുടെ നേതൃത്വത്തിലുള്ള ലേബർ സർക്കാർ ഒരുലക്ഷത്തിലധികം വീടുകൾ പണിതെടുത്ത അനുഭവം മാതൃകയാക്കിയാണ് പദ്ധതി. ടെംപ്സ്ഫോർഡ് (ബെഡ്ഫോർഡ്ഷയർ), ക്രൂസ് ഹിൽ (നോർത്ത് ലണ്ടൻ), ലീഡ്സ് സൗത്ത് ബാങ്ക് എന്നിവ ഉൾപ്പെടുന്ന പ്രദേശങ്ങൾ സാധ്യതാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ പട്ടണത്തിലും കുറഞ്ഞത് 10,000 വീടുകളും, സ്കൂളുകൾ, ആശുപത്രികൾ, ഗ്രീൻ സ്പേസുകൾ, ഗതാഗത സൗകര്യങ്ങൾ എന്നിവയും ഉറപ്പാക്കുമെന്ന് സർക്കാർ വ്യക്തമാക്കി.
പുതിയ പട്ടണങ്ങളിലെ വീടുകളിൽ 40% എണ്ണം സാധാരണക്കാരുടെ പോക്കറ്റിനിണങ്ങുന്ന വീടുകളും 20% എണ്ണം സാമൂഹ്യവാസ പദ്ധതിക്കായി വകയിരുത്തുമെന്നാണ് റിപ്പോർട്ട്. ബ്രിട്ടനിൽ ഏകദേശം 43 ലക്ഷം വീടുകളുടെ കുറവാണ് നിലവിലുള്ളത്. ഇത് കൂടാതെ റെക്കോർഡ് നിരക്കിൽ ജനങ്ങൾ താൽക്കാലിക അഭയകേന്ദ്രങ്ങളിൽ കഴിയുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. അടുത്ത പൊതു തെരഞ്ഞെടുപ്പിന് മുമ്പ് 15 ലക്ഷം വീടുകൾ പണിയുമെന്ന ലേബറിന്റെ വാഗ്ദാനത്തെ കുറിച്ച് വിദഗ്ധർ സംശയം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, സർക്കാരിന് ഉറച്ച നിലപാട് ആണെന്ന് റീഡ് അറിയിച്ചു.
Leave a Reply