ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലുടനീളം ഒക്ടോബർ ഒന്നുമുതൽ ആരംഭിക്കുന്ന പുതിയ ജിപി ഓൺലൈൻ ബുക്കിംഗ് സംവിധാനം രോഗികളുടെ സുരക്ഷയെ ബാധിക്കുമെന്ന ആശങ്കകൾ ശക്തമായി . അടിയന്തിര ആരോഗ്യ പ്രശ്നങ്ങളും സാധാരണ അഭ്യർത്ഥനകളും തമ്മിൽ വ്യക്തമായ വ്യത്യാസം തിരിച്ചറിയാൻ സംവിധാനത്തിന് സാധിക്കില്ല എന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (BMA) മുന്നറിയിപ്പ് നൽകി . ഇതോടെ ഗുരുതരമായ രോഗലക്ഷണങ്ങൾ ശ്രദ്ധിക്കാതിരിക്കുകയും രോഗികൾക്ക് ആവശ്യമായ ചികിത്സ വൈകുകയും ചെയ്യാനുള്ള അപകടസാധ്യത ഉണ്ടെന്നതാണ് ഡോക്ടർമാരുടെ ആശങ്ക.
പുതിയ സംവിധാനത്തിലൂടെ രോഗികൾക്ക് ഡോക്ടറുടെ അതേ ദിവസത്തെ ബുക്കിങ്ങിനായി അല്ലെങ്കിൽ ക്ലിനീഷ്യന്റെ ഫോൺ കോളുകൾക്കായി ദിവസത്തിൽ ഏതെങ്കിലും സമയത്ത് ഓൺലൈനായി അപേക്ഷിക്കാനാകും. ആവശ്യമായ ആരോഗ്യപ്രവർത്തകരെ കൂടി നിയോഗിക്കാതെ രോഗികളിൽ നിന്ന് ഉയർന്നു വരുന്ന അധിക ഓൺലൈൻ അഭ്യർത്ഥനകൾ കൈകാര്യം ചെയ്യാൻ സാധിക്കില്ലെന്നതാണ് ബി എം എ ചൂണ്ടി കാണിക്കുന്നത്. എന്നാൽ 2025-ൽ പോലും എൻ എച്ച് എസ് രോഗികൾക്ക് ഓൺലൈനായി ബുക്കിംഗ് അഭ്യർത്ഥിക്കാൻ കഴിയാത്തത് അസംബന്ധമാണെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് സർക്കാരിന്റെ നിലപാട് വ്യക്തമാക്കി. മറ്റ് മേഖലകളിലെ അപോയിന്റ്മെന്റ് പോലും ഓൺലൈനിൽ ബുക്ക് ചെയ്യുമ്പോൾ ആരോഗ്യ സേവനങ്ങൾ പിന്നാക്കത്തിലാകരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാനായി ഇതിനകം 2,000 ജിപിമാരെ അധികമായി നിയമിച്ചിട്ടുണ്ടെന്നും നിരവധി സർജറികൾക്ക് രോഗികൾക്കായുള്ള കാത്തിരിപ്പ് സമയം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ബി എം എ ജി പി കമ്മിറ്റി ചെയർ ഡോ. കെയ്റ്റി ബ്രാമൽ-സ്റ്റൈനർ സർക്കാരിനെതിരെ കടുത്ത വിമർശനം ആണ് ഉന്നയിച്ചത് . ഫെബ്രുവരി മാസത്തിൽ നിലവിൽ വന്ന കരാറിലൂടെ ആവശ്യമായ സുരക്ഷാ നടപടികൾ ഉറപ്പാക്കുമെന്ന വാഗ്ദാനം നൽകിയിട്ടും അത് പാലിച്ചിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു . ഈ രീതിയിൽ നടപ്പാക്കിയാൽ ആശുപത്രിയിൽ ഉണ്ടാകുന്ന രീതിയിൽ ഉള്ള വെയ്റ്റിംഗ് ലിസ്റ്റുകൾ ജിപി സേവനങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാനും നേരിട്ടുള്ള കൺസൾട്ടേഷനുകൾ കുറയാനും ഇടയാകും എന്നും അവർ മുന്നറിയിപ്പ് നൽകി. സർക്കാർ പദ്ധതിയിൽ വേണ്ട മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ തങ്ങൾക്ക് ഔദ്യോഗികമായി സമര മാർഗങ്ങൾ സ്വീകരിക്കേണ്ടിവരുമെന്നും യൂണിയൻ വ്യക്തമാക്കി.
Leave a Reply