ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഈസ്റ്റ് സസ്സെക്സിലെ പീസ്ഹേവൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മോസ്കിൽ ഉണ്ടായ തീവയ്പ്പ് ശ്രമവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന രണ്ടുപേരുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. ശനിയാഴ്ച രാത്രി 9.50ഓടെ ഫില്ലിസ് അവന്യൂവിലുള്ള പള്ളിയിൽ ആണ് തീപിടുത്തം ഉണ്ടായത് . ആളുകൾക്ക് അപകടം ഒന്നും സംഭവിച്ചില്ലെങ്കിലും പള്ളിയുടെ മുൻവാതിലും പുറത്തു പാർക്ക് ചെയ്തിരുന്ന കാറും കത്തി നശിച്ചു.
രാത്രിയിൽ മുഖം മറച്ച രണ്ട് പേർ പള്ളിയുടെ വാതിൽ തുറക്കാൻ ശ്രമിച്ചതായും അത് പൂട്ടിയ നിലയിലായപ്പോൾ അവർ വാതിലിനും കാറിനും സമീപം ദ്രാവകം ഒഴിച്ച് തീ വെച്ചതായും പള്ളിയിലെ ഒരു ജോലിക്കാരൻ പറഞ്ഞു. അകത്ത് ഉണ്ടായിരുന്ന രണ്ട് പേർക്ക് രക്ഷപ്പെടാൻ കഴിഞ്ഞു. സംഭവത്തിന് ശേഷം പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മറ്റ് ആരാധനാലയങ്ങളിലും അധിക പട്രോളിംഗ് ഏർപ്പെടുത്തി.
ഈ ആക്രമണത്തെ തുടർന്ന് ബ്രിട്ടനിലെ രാഷ്ട്രീയ നേതാക്കളും മതസംഘടനകളും ശക്തമായ പ്രതിഷേധം അറിയിച്ചു. ഹോം സെക്രട്ടറി ശബാനാ മഹ്മൂദ് ഈ സംഭവത്തെ “തീർത്തും ആശങ്കാജനകം” എന്നാണ് വിശേഷിപ്പിച്ചത് . ഇത്തരം ആക്രമണങ്ങൾ ബ്രിട്ടീഷ് മുസ്ലിം സമൂഹത്തിനെതിരെയല്ല, മുഴുവൻ രാജ്യത്തിനെതിരെയുള്ള ആക്രമണങ്ങളാണെ ന്നും അവർ പറഞ്ഞു. ഈ സംഭവം വെറുപ്പിന്റെയും അസഹിഷ്ണുതയുടെയും ഉദാഹരണമാണ് ഈ സംഭവമെന്ന് ബ്രൈറ്റൺ–പീസ്ഹേവൻ എംപി ക്രിസ് വാർഡ് അഭിപ്രായപ്പെട്ടു. നമ്മുടെ സമൂഹത്തിൽ ഇത്തരം വിദ്വേഷത്തിനിടമില്ല, ഐക്യത്തോടെയാണ് നാം പ്രതികരിക്കേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leave a Reply