ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ നോട്ടിംഗ്ഹാമിൽ കത്തിക്കുത്തിൽ നിന്നു സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട ഇന്ത്യൻ വംശജയായ യുവതി ഗ്രേസ് കുമാറിന് മരണാനന്തര ബഹുമതിയായി ബ്രിട്ടൻ സർക്കാരിന്റെ പ്രശസ്ത ധീരതാപുരസ്കാരമായ ‘ജോർജ് മെഡൽ ലഭിച്ചു. തന്റെ ജീവൻ പണയം വച്ച് മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച അതുല്യ ധൈര്യത്തിനുള്ള അംഗീകാരമായാണ് രാജ്യത്തെ രണ്ടാമത്തെ ഉയർന്ന ധീരതാ പുരസ്കാരമായ ഈ ബഹുമതി സർക്കാർ പ്രഖ്യാപിച്ചത്.
2023-ൽ നോട്ടിംഗ്ഹാം സർവകലാശാലയിലെ വാർഷിക പരീക്ഷകൾക്ക് ശേഷമായിരുന്നു ദാരുണമായ സംഭവം നടന്നത് . 19 കാരിയായ ഗ്രേസും കൂട്ടുകാരൻ ബർണാബിയും രാത്രി നടക്കാനിറങ്ങിയപ്പോഴാണ് കത്തിയുമായി അക്രമിയെത്തിയത്. കൊലപാതകി ആദ്യം ബർണാബിയെ കുത്തിയപ്പോൾ തടയാൻ ശ്രമിച്ച ഗ്രേസിനും ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുവെച്ച് തന്നെ മരണമടഞ്ഞു. മാനസിക പ്രശ്നങ്ങളുള്ള പ്രതിയെ തുടർന്ന് പൊലീസ് പിടികൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡോക്ടർമാരായ സഞ്ജയ് കുമാറിന്റെയും സിനീദ് ഓ മാലിയുടെയും മകളാണ് ഗ്രേസ്. സിനീദ് ഐറിഷ് വംശജയാണ്. മെഡിക്കൽ വിദ്യാർത്ഥിനിയായ ഗ്രേസ് തന്റെ ജീവൻ ബലിയർപ്പിച്ച ധൈര്യം ബ്രിട്ടൻ മുഴുവനും ആദരിക്കപ്പെട്ടിരുന്നു . ഗ്രേസിന് ലഭിച്ച ഈ പുരസ്കാരം അന്യരുടെ ജീവൻ രക്ഷിക്കാൻ ത്യാഗം കാണിച്ച യുവതലമുറയുടെ ധൈര്യത്തിനുള്ള ഉജ്ജ്വല പ്രതീകമാണെന്ന് ബഹുമതി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസ്താവന വ്യക്തമാക്കി.
Leave a Reply