ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ, യുകെയുടെ വിസാ നയത്തിൽ ഇന്ത്യയ്ക്കായി ഇളവുകൾ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി. വിസകളല്ല പ്രധാന വിഷയമെന്നും വ്യാപാരവും നിക്ഷേപവും തൊഴിലവസരങ്ങളും വളർത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരവും സാംസ്കാരിക ബന്ധങ്ങളും ശക്തിപ്പെടുത്താനുള്ള ലക്ഷ്യത്തോടെ നൂറിലധികം വ്യവസായ, വിദ്യാഭ്യാസ, സാംസ്കാരിക പ്രതിനിധികളെ കൂടെ കൂട്ടിയാണ് അദ്ദേഹം മുംബൈയിൽ എത്തിയിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജൂലൈയിൽ ഒപ്പുവെച്ച യുകെ–ഇന്ത്യ വ്യാപാര ഉടമ്പടി പ്രകാരം ബ്രിട്ടീഷ് കാറുകളും വിസ്കിയും ഇന്ത്യയിൽ വിലകുറഞ്ഞ് ലഭിക്കുമ്പോൾ, ഇന്ത്യൻ ആഭരണങ്ങളും വസ്ത്രങ്ങളും യുകെയിലേക്ക് കുറഞ്ഞ കസ്റ്റംസ് നിരക്കിൽ കയറ്റുമതി ചെയ്യാനാകും. മൂന്നു വർഷത്തേക്ക് ഇന്ത്യൻ തൊഴിലാളികൾക്ക് യുകെയിലെ സാമൂഹ്യ സുരക്ഷാ നികുതിയിൽ ഇളവുകളും ഉടമ്പടിയിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ കുടിയേറ്റ നയത്തിൽ മാറ്റമില്ലെന്ന് ബ്രിട്ടീഷ് സർക്കാർ വ്യക്തമാക്കി. ലേബർ പാർട്ടി കുടിയേറ്റ നിയന്ത്രണം ശക്തമാക്കാനുള്ള നിലപാടാണ് പിന്തുടരുന്നതെന്ന് സ്റ്റാർമർ കൂട്ടിച്ചേർത്തു.

സന്ദർശന വേളയിൽ ബ്രിട്ടീഷ് എയർവേയ്സ് ഡൽഹി–ഹീത്രോ റൂട്ടിൽ മൂന്നാമത്തെ പ്രതിദിന സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. മാഞ്ചസ്റ്റർ വിമാനത്താവളവും ഡൽഹിയിലേക്ക് പുതിയ നേരിട്ടുള്ള സർവീസ് ആരംഭിക്കും. റഷ്യൻ പ്രസിഡന്റ് പുടിന് ജന്മദിനാശംസകൾ നേർന്ന മോദിയുടെ നടപടിയെ കുറിച്ച് ചോദിച്ചപ്പോൾ താൻ ആശംസയൊന്നും നേർന്നിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. റഷ്യയുടെ അനധികൃത എണ്ണക്കപ്പലുകൾക്കെതിരെ യുകെ പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.