ലഖ്‌നൗ: കോടികളുടെ തായ് കഞ്ചാവുമായി മലയാളി യുവാക്കൾ ഉത്തരപ്രദേശ് കസ്റ്റംസ് അധികൃതരുടെ പിടിയിൽ. വയനാട് പുതുപ്പാടി കൊട്ടാരക്കോത്ത് പാറക്കൽ മുഹമ്മദ് റാഷിദ് (24), മലപ്പുറം വാലുമ്പരം പൊക്കോട്ടൂരിലെ മുഹമ്മദ് എഹ്തിഷാം (26) എന്നിവരെയാണ് യുപി-നേപ്പാൾ അതിർത്തിയിൽ വച്ച് കസ്റ്റംസ് സംഘം പിടികൂടിയത്. കിലോയ്ക്ക് ഏകദേശം ഒരു കോടി രൂപ വിലവരുന്ന 14 കിലോ തായ് കഞ്ചാവാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.

ഇവർ യാത്ര ചെയ്തിരുന്ന നേപ്പാളി ബസിന്റെ ഡിക്കിയിൽ സൂക്ഷിച്ചിരുന്ന ഇലക്ട്രിക് ഗീസറുകളിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. പതിവ് പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതിനെ തുടർന്ന് ഗീസറുകൾ തുറന്നപ്പോഴാണ് പാക്കറ്റുകൾ കണ്ടെത്തിയത്. വളരെ നൂതനവും തന്ത്രപരവുമായ രീതിയിലാണ് കള്ളക്കടത്ത് നടത്തിയതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇരുവരും ഏറെക്കാലമായി തായ്‌ലൻഡിൽ ജോലി ചെയ്യുകയായിരുന്നുവെന്നും, അവിടെ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലയുമായി ബന്ധമുണ്ടെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ജാഗ്രതയാണ് കോടികളുടെ കഞ്ചാവ് കടത്ത് പദ്ധതി പരാജയപ്പെടുത്തിയത്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വീട്ടുപകരണങ്ങളിലൂടെ മയക്കുമരുന്ന് കടത്താനുള്ള പുതിയ പ്രവണതയെ തുടർന്ന് ഇന്ത്യ–നേപ്പാൾ അതിർത്തിയിൽ പരിശോധനകളും സുരക്ഷാ നടപടികളും കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കസ്റ്റംസ് വകുപ്പ് അറിയിച്ചു.