ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്റ്റാഫോർഡിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ട് കുട്ടികളുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടു . രണ്ട് വയസ്സുകാരിയായ മിറാജ് ഉൽ സഹ്റയും മൂന്ന് വയസ്സുകാരനായ അബ്ദുൽ മൊമിൻ അൽഫാത്തെയും ഞായറാഴ്ച രാവിലെ വീട്ടിനുള്ളിൽ പരിക്കുകളോടെ ബോധരഹിതരായി കണ്ടെത്തിയതായാണ് സ്റ്റാഫോർഡ്ഷയർ പോലീസ് അറിയിച്ചത്. ഇരുവരും സംഭവസ്ഥലത്തു വെച്ചാണ് മരിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുട്ടികളുടെ ബന്ധുക്കൾക്ക് വിവരം നൽകിയതായും, പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥർ അവരുടെ കുടുംബത്തെ സഹായിക്കുന്നതായും പോലീസ് അറിയിച്ചു. സ്റ്റാഫോർഡ് പ്രദേശത്തുള്ള 43 വയസ്സുള്ള ഒരു സ്ത്രീയെ കൊലപാതക ശ്രമത്തിനായി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അവരെ ഇപ്പോൾ കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയാണ്. അറസ്റ്റിലായ യുവതി കുട്ടികളുടെ അമ്മയാണെന്ന് ഇന്നലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നേരത്തേ ഇടപെട്ടിരുന്നതു കൊണ്ട് കേസിനെ ഇൻഡിപെൻഡൻ്റ് ഓഫീസ് ഫോർ പോലീസ് കോൺടക്ട് (IOPC) അന്വേഷിക്കാനായി കൈമാറിയതായി അധികൃതർ അറിയിച്ചു. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണെന്നും, അനാവശ്യമായ അനുമാനങ്ങൾ പരത്തരുതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.