തമിഴ്‌നാട്ടിലെ കരൂർ തിക്കിലും തിരക്കിലും പെട്ട് 41 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ കേസന്വേഷണം സിബിഐക്ക് വിട്ടു. കോടതി മേൽനോട്ടത്തിലായിരിക്കും അന്വേഷണം. ഇതിനായി സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അജയ് റസ്തോഗി അധ്യക്ഷനായി മൂന്നംഗ സമിതിയെ സുപ്രീംകോടതി നിയോഗിച്ചു. സ്വതന്ത്ര അന്വേഷണമാവശ്യപ്പെട്ട് ടി വി കെ നല്‍കിയ ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ജസ്റ്റിസുമാരായ ജെകെ.മഹേശ്വരി, എന്‍വി.അന്‍ജാരിയ എന്നിവരുടെ ബെഞ്ചിന്‍റേതാണ് നിർദ്ദേശം. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും സുപ്രീംകോടതി മുന്‍ ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
കരൂർ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിനെതിരായ ഹർജികളിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്. പൗരന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന് നീരീക്ഷിച്ച് കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ് പറഞ്ഞത്. ദുരന്തത്തിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറി സുപ്രീംകോടതി ഉത്തരവിട്ടു. അന്വേഷണ പുരോഗതി വിലയിരുത്താൻ മൂന്നംഗ കമ്മറ്റിയെയും നിയോഗിച്ചു. മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അജയ് റസ്തോഗി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. തമിഴ്നാട് കേഡറിലുള്ള രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരും കമ്മിറ്റിയിൽ ഉണ്ട്. ഇവർ തമിഴ്നാട് സ്വദേശികൾ ആകരുതെന്ന നിർദ്ദേശം സുപ്രീംകോടതി നൽകി. ഉദ്യോഗസ്ഥർ ഐജി റാങ്കിൽ കുറയാത്തവർ ആകണമെന്നും കോടതി നിർദ്ദേശിച്ചു. ആൾക്കൂട്ട ദുരന്തങ്ങൾ ഒഴിവാക്കാൻ മാർഗനിർദ്ദേശങ്ങൾ തേടിയുള്ള ഹർജി പരിഗണി്ച്ച് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകിയ മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദ്ദേശത്തെ കോടതി വിമർശിച്ചു.
ഈക്കാര്യത്തിൽ മദ്രാസ് ഹൈക്കോടതി രജിസ്ട്രാറോട് സുപ്രീംകോടതി വീശദീകരണം തേടി. നീതി നടപ്പാകുമെന്ന് ടിവികെ സെക്രട്ടറി ആദവ് ആർജ്ജുന പ്രതികരിച്ചു. ഉത്തരവ് തമിഴ്നാട് സർക്കാരിന് തിരിച്ചടിയല്ലെന്നും ബിജെപിയുടെ വാഷിങ് മെഷീനിൽ വിജയ് യും കുടുങ്ങുമെന്നും ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾ സമർപ്പിച്ച ഹർജി അവരുടെ അറിവോടെയല്ലെന്ന് തമിഴ് സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ ഈക്കാര്യം പിന്നീട് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.
Leave a Reply