ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ സർക്കാരിന്റെ പുതിയ കുടിയേറ്റ നയപ്രകാരം 2026 ജനുവരി 8 മുതൽ യുകെയിലേക്ക് വരുന്ന തൊഴിലാളികൾക്കും ചില ബിരുദധാരികൾക്കും എ-ലെവൽ നിലവാരത്തിലുള്ള (B2) ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം നിർബന്ധമാക്കും. ഇതിലൂടെ രാജ്യത്തെ കുടിയേറ്റ നിരക്ക് നിയന്ത്രിക്കാനും തൊഴിലിടങ്ങളിൽ മികച്ച ഭാഷാപ്രാവീണ്യമുള്ളവർക്ക് മുൻഗണന നൽകാനുമാണ് ലക്ഷ്യമിടുന്നത്. ഇപ്പോൾ നിലവിലുള്ള GCSE നിലവാരമുള്ള (B1) ഇംഗ്ലീഷ് പരിജ്ഞാനത്തെ അപേക്ഷിച്ച് ഇത് ഒരു പടി ഉയർന്നതാണ്. പുതിയ നിയമം സ്കിൽഡ് വർക്കർ, സ്കെയിൽ-അപ്പ് വിസ, ഹൈ പോട്ടൻഷ്യൽ വ്യക്തിഗത (HPI) വിസകൾക്കാണ് ആദ്യം ബാധകമാകുന്നത്. ഈ വിസകൾ പ്രധാനമായും വേഗത്തിൽ വളരുന്ന കമ്പനികളിലും, ഉയർന്ന പ്രതിഫലം ലഭിക്കുന്ന മേഖലകളിലും ജോലി ചെയ്യാനാണ് അനുവദിക്കുന്നത്.
രാജ്യത്തിന് മികച്ച സംഭാവന ചെയ്യുന്നവരെ സ്വാഗതം ചെയ്യുന്നതായി ഹോം സെക്രട്ടറി ഷബാന മഹ്മൂദ് പ്രസ്താവിച്ചു. പക്ഷേ നമ്മുടെ ഭാഷ അറിയാതെ ഇവിടെ എത്തുന്നത് അംഗീകരിക്കാനാവില്ല എന്ന് അവർ കൂട്ടിച്ചേർത്തു. അപേക്ഷകർക്ക് സംസാരം , കേൾവി , വായന, എഴുത്ത് എന്നീ മേഖലകളിൽ നേരിട്ടുള്ള പരീക്ഷകൾ നടത്തും. ഹോം ഓഫീസ് അംഗീകരിച്ച കേന്ദ്രങ്ങളിൽ ആണ് പരീക്ഷകൾ നടക്കുന്നത്. ഫലങ്ങൾ വിസ അപേക്ഷാ പ്രക്രിയയുടെ ഭാഗമായും പരിശോധിക്കും. ബി2 നിലവാരത്തിലെത്തിയവർക്ക് സങ്കീർണ്ണമായ വിഷയങ്ങളിലേയ്ക്കും സംഭാഷണങ്ങളിലേയ്ക്കും ആത്മവിശ്വാസത്തോടെ പങ്കാളികളാകാൻ കഴിയും. ഈ നിലവാരം കൈവരിച്ചാൽ അവർക്ക് വ്യക്തമായും വിശദമായും ആശയങ്ങൾ അവതരിപ്പിക്കാനും പ്രൊഫഷണൽ പരിസ്ഥിതിയിൽ എളുപ്പത്തിൽ ജോലി ചെയ്യാനുമാകും എന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.
സർക്കാരിന്റെ കണക്കുകൾ പ്രകാരം, ഈ നടപടികളിലൂടെ വർഷംതോറും ഏകദേശം ഒരു ലക്ഷം കുടിയേറ്റക്കാരെ കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. 2024-ൽ യുകെയിലെ നെറ്റ് കുടിയേറ്റം 4.31 ലക്ഷം ആയിരുന്നു, 2023-ലെ റെക്കോർഡ് 9.06 ലക്ഷത്തേക്കാൾ ഏകദേശം പകുതിയോളം കുറവാണിത് . യുകെയിലെ പുതിയ കുടിയേറ്റ നിയമം കേരളത്തെയും ഇന്ത്യയെയും വ്യാപകമായി ബാധിക്കാനാണ് സാധ്യത. 2023-ൽ യുകെയിലേക്ക് കുടിയേറ്റ വിസയിലൂടെ എത്തിയ ഏകദേശം 2.5 ലക്ഷം ഇന്ത്യക്കാരിൽ 1.2 ലക്ഷം പേർ തൊഴിൽ വിസയിലൂടെയായിരുന്നു വന്നത്. അവരിൽ വലിയൊരു വിഭാഗം കേരളത്തിൽ നിന്നുള്ള ആരോഗ്യ, ഐ.ടി. മേഖലയിലെ പ്രൊഫഷണലുകളാണ്. പുതിയ എ-ലെവൽ നിലവാരത്തിലുള്ള (B2) ഇംഗ്ലീഷ് പരീക്ഷാ നിബന്ധന മൂലം ഈ മേഖലകളിൽ ജോലി ലക്ഷ്യമിടുന്നവർക്ക് കൂടുതൽ പ്രയാസം നേരിടേണ്ടിവരും. പുതിയ നിയന്ത്രണങ്ങൾ മൂലം സംസാരത്തിലും എഴുത്തിലും പ്രാവീണ്യം കുറവുള്ളവർക്ക് വിസ ലഭിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Leave a Reply