ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെയിൽസിലെ തലസ്ഥാനമായ കാർഡിഫ് നഗരസഭ വലിയ വാഹനങ്ങൾക്കായി കൂടുതൽ പാർക്കിംഗ് ഫീസ് ഈടാക്കാൻ തീരുമാനിച്ചു. ഇതോടെ യുകെയിൽ ഇത്തരമൊരു തീരുമാനം എടുക്കുന്ന ആദ്യ കൗൺസിലായി കാർഡിഫ് മാറി. പുതിയ പദ്ധതി പ്രകാരം 2,400 കിലോഗ്രാമിലധികം ഭാരം വരുന്ന വാഹനങ്ങൾക്ക് അധിക ഫീസ് ഈടാക്കും. ഇലക്ട്രിക് അല്ലാത്ത വാഹനങ്ങൾക്ക് ഈ പരിധി പിന്നീട് 2,000 കിലോഗ്രാമാക്കി കുറയ്ക്കും. വലിയ വാഹനങ്ങൾ കൂടുതൽ സ്ഥലം പിടിക്കുകയും അപകടസാധ്യത വർധിപ്പിക്കുകയും ചെയ്യുന്നതായി കൗൺസിൽ വിശദീകരിച്ചു.
അടുത്തകാലത്ത് റോഡുകളിൽ വലിയ എസ്‌യുവികൾ വർധിച്ചു വരുന്നത് പരിസ്ഥിതിക്കും യാത്രാ സുരക്ഷയ്ക്കും വെല്ലുവിളിയാകുന്നുവെന്ന തിരിച്ചറിവിനെ തുടർന്നാണ് ഈ നടപടി. കഴിഞ്ഞ ഇരുപത് വർഷത്തിനിടെ ഇത്തരം വാഹനങ്ങൾ 3 ശതമാനത്തിൽ നിന്ന് 30 ശതമാനമായി ആണ് വർധിച്ചത് . കാർഡിഫിന്റെ ഈ തീരുമാനം മറ്റു പട്ടണങ്ങൾക്കും മാതൃകയാകുമെന്ന് ‘ക്ലീൻ സിറ്റീസ്’ ക്യാമ്പെയ്ൻ ഗ്രൂപ്പിന്റെ യുകെ തലവൻ ഒലിവർ ലോർഡ് പറഞ്ഞു. “വലിയതും കൂടുതൽ മലിനീകരണമുണ്ടാക്കുന്നവയുമായ വാഹനങ്ങൾക്ക് കൂടുതൽ ഫീസ് ഈടാക്കുന്നത് നീതിയുക്തമാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പാരീസ് നഗരസഭയും കഴിഞ്ഞ വർഷം സമാനമായ നടപടിയെടുത്ത് എസ്‌യുവികൾക്ക് മൂന്ന് മടങ്ങ് പാർക്കിംഗ് ഫീസ് ഏർപ്പെടുത്തിയിരുന്നു. അതോടെ അവിടെ എസ്‌യുവി വാഹനങ്ങളുടെ എണ്ണം രണ്ടിൽ മൂന്നുഭാഗം വരെ കുറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. കാർഡിഫ് നഗരസഭയുടെ ഈ തീരുമാനം പൊതുജനങ്ങളുമായി കൂടി ആലോചനയ്ക്കു ശേഷമാണ് എടുത്തത്. അതിൽ 66 ശതമാനം പേർ വലിയ വാഹനങ്ങൾക്ക് കൂടുതൽ ഫീസ് ഈടാക്കണമെന്ന ആവശ്യത്തിന് പിന്തുണ നൽകി . “ഭാരം കൂടിയ വാഹനങ്ങൾ റോഡുകൾക്കും കൂടുതൽ നാശനഷ്ടങ്ങളും അപകടങ്ങളും വരുത്തുന്നതായി ഗതാഗതകാര്യ ചുമതലയുള്ള ഡാൻ ഡി’ആത്ത് പറഞ്ഞു,
Leave a Reply