സമീപകാലത്ത് ബ്രിട്ടനിലെ സീറോ മലബാർ സഭയെയും, വിശ്വാസങ്ങളെയും, ആചാരങ്ങളെയും, സഭാ ചട്ടക്കൂടുകളെയും ബോധപൂർവ്വം അപകീർത്തിപ്പെടുത്തുന്നതിനും, അവഹേളിക്കുന്നതിനും ചില കേന്ദ്രങ്ങളിൽ നിന്ന് നടക്കുന്ന ശ്രമങ്ങൾക്കെതിരെ സഭാ വിശ്വാസികളിൽ നിന്ന് പ്രതിഷേധം ശക്തമാകുന്നു. മതവിശ്വാസവും, ആത്മീയതയും ഓരോ വ്യക്തികളുടെയും സ്വകാര്യതയും, അവകാശവും ആണെന്നിരിക്കെ വിരലിലെണ്ണാവുന്ന ചില ന്യൂനപക്ഷങ്ങൾ തങ്ങൾ പറയുന്നതുപോലെ യുകെയിലെ സീറോ മലബാർ വിശ്വാസികൾ പ്രവർത്തിക്കണം എന്നു വാശി പിടിക്കുകയും, ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ ആചാര അനുഷ്ഠാനങ്ങളെ അധിക്ഷേപിക്കുകയും ചെയ്യുന്നതായാണ് സഭാ വിശ്വാസികളുടെ പരാതി.

അടുത്തകാലത്ത് യുകെയിൽ നടന്ന ഒരു വിവാഹവുമായി ബന്ധപ്പെട്ട് ആണ് ഇക്കൂട്ടർ സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വഴി സഭയ്ക്കെതിരെ കുപ്രചാരണങ്ങൾ അഴിച്ചുവിട്ടത്. യുകെയിലുള്ള ചെറിയ അസോസിയേഷനുകൾക്കും, ക്ലബ്ബുകൾക്കും വരെ നിയമാവലിയും, സംഘടനാ ഘടനയും ഉണ്ടായിരിക്കെ 5 മിനിറ്റിൽ താഴെ മാത്രം സമയം ചിലവഴിച്ചാൽ പൂരിപ്പിക്കാവുന്ന ഒരു ഫോം പൂരിപ്പിച്ചാൽ തീരുന്ന കാര്യം, ഇത്തരത്തിൽ ചെയ്താൽ തങ്ങളുടെ പാരമ്പര്യവും വിശ്വാസവും തകരുമെന്ന് പ്രഖ്യാപിച്ച് കത്തോലിക്കാ വിശ്വാസത്തെ രണ്ട് വ്യക്തികൾ ഉപേക്ഷിക്കാൻ കാരണം സഭയും, അതിനെ നയിക്കുന്നവരുമാണെന്നാണ് സഭാ വിരുദ്ധതയുടെ മേലങ്കി അണിഞ്ഞവരുടെ പ്രചാരണം. സീറോ മലബാർ വിശ്വാസികൾ തങ്ങളുടെ പാരമ്പര്യവും വിശ്വാസവും ഉപേക്ഷിച്ച് പുറത്തു വരണമെന്നാണ് സഭാവിരുദ്ധരുടെ ആവശ്യം. ലാറ്റിൻ സഭയുള്ളപ്പോൾ സീറോ മലബാർ സഭയുടെ പ്രസക്തി തന്നെ ഇവർ ചോദ്യം ചെയ്യുന്നു .ബ്രിട്ടൻ പോലുള്ള ഒരു ആധുനിക രാജ്യത്ത് വിശ്വാസവും മതസ്വാതന്ത്ര്യവും ഓരോ വ്യക്തിയുടെയും സ്വകാര്യതയും അവകാശവും ആണെന്നിരിക്കെ കത്തോലിക്കാ സഭയിലും വിശ്വാസപ്രമാണങ്ങളിലും വിശ്വാസമില്ലാത്തവർക്ക് അവരുടെ വഴി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുള്ളതുപോലെ ബഹുഭൂരിപക്ഷം വരുന്ന സഭാ വിശ്വാസികൾ തങ്ങളുടെ പാത പിന്തുടരണമെന്ന് വാശി പിടിക്കുകയും സഭയെ നിരന്തരം ആക്ഷേപിക്കുകയും ചെയ്യുന്നതിൻറെ സാഗത്യമെന്തെന്നാണ് സഭാ വിശ്വാസികളുടെ ഇടയിൽ ഉയരുന്ന ചോദ്യം.

അടുത്തകാലത്ത് ഉണ്ടായ വിവാഹ വിവാദത്തിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അധികൃതർ വിവാഹം മുടക്കിയെന്നാണ് ആക്ഷേപം. ഗ്രേറ്റ് ബ്രിട്ടനിൽ ഒരു ക്നാനായ യുവാവും യുവതിയും തമ്മിലുള്ള വിവാഹം കത്തോലിക്കാ വിശ്വാസം ഉപേക്ഷിച്ച് അവരുടെ വിവാഹം ഒരു അകത്തോലിക്കാ ദേവാലയത്തിൽ വച്ച് നടത്തിയത് ഗ്രേറ്റ് ബ്രിട്ടൻ രൂപത ലാറ്റിൻ പള്ളിയിൽ വച്ച് നടത്തിക്കൊടുക്കുന്നത് തടഞ്ഞതു കൊണ്ടാണെന്നാണ് ആക്ഷേപം . എന്നാൽ ഇതിൽ യാതൊരു വസ്തുതയും ഇല്ല. ഈ വിവാഹം ക്‌നാനായ ആചാരപ്രകാരം സീറോമലബാർ സഭയുടെ ക്രമപ്രകാരം നടത്തുവാൻ ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനായി മിഷൻ ഡയറക്ടറായ വൈദികനെ ഇവർ സമീപിക്കുകയും ചെയ്തിരുന്നു. ഈ വൈദികൻ സന്തോഷത്തോടുകൂടി ഈ വിവാഹം നടത്തി കൊടുക്കുന്നതിനുള്ള സമ്മതം അറിയിച്ചു. എന്നാൽ വിവാഹം നടത്തി കൊടുക്കുന്നതിന് സഭ നിർദ്ദേശിക്കുന്ന ഫോം പൂരിപ്പിച്ച് നൽകുവാൻ ആവശ്യപ്പെട്ടപ്പോൾ ഇവർ അതിന് തയ്യാറായില്ല. കാരണം ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ഫോം പൂരിപ്പിച്ചാൽ തങ്ങളുടെ ക്നാനായ അംഗത്വം നഷ്ടപ്പെടുമെന്ന അടിസ്ഥാനരഹിതമായ ആരോപണം ബോധപൂർവ്വം ഉന്നയിക്കുകയാണ് ഉണ്ടായത് . ആഗോള കത്തോലിക്കാ സഭയിലെ ഭരണപരമായ സൗകര്യങ്ങൾക്കായാണ് ബ്രിട്ടനിലെ ക്നാനായ സഭാ വിശ്വാസികൾ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിൽ വരുന്നതെന്നും, അതുകൊണ്ട് അവരുടെ ക്നാനായ അംഗത്വം നഷ്ടപ്പെടുകയില്ലെന്നും സഭാ അധികാരികൾ വിശദീകരിച്ചെങ്കിലും ഒരു വിട്ടുവീഴ്ചയ്ക്കും ഇവർ തയ്യാറായില്ലായിരുന്നു. ഇതിനുശേഷം വധു വരന്മാർ ലാറ്റിൻ ദേവാലയത്തിൽ വച്ച് വിവാഹം നടത്താൻ ലാറ്റിൻ സഭയെ സമീപിച്ചു. ലാറ്റിൻ സഭാ അധികാരികൾ പ്രസ്തുത വ്യക്തികൾ സീറോ മലബാർ വിശ്വാസികളായതിനാൽ സീറോ മലബാർ സഭ നിർദ്ദേശിക്കുന്ന നടപടിക്രമങ്ങൾ പാലിക്കണമെന്ന് നിർദ്ദേശിച്ചു. ലാറ്റിൻ ദേവാലയത്തിൽ വച്ച് വിവാഹം നടത്താനുള്ള അനുമതിക്കായി സീറോ മലബാർ സഭാ അധികാരികളെ സമീപിച്ചപ്പോൾ ഇതിനുമുമ്പും ഇത്തരത്തിലുള്ള അപേക്ഷകളിൽ തീരുമാനം എടുത്തതു പോലെ സന്തോഷപൂർവ്വം അനുമതി നൽകാമെന്ന് അറിയിക്കുകയും വിവാഹതരാകുന്ന വ്യക്തികൾ ഉൾപ്പെട്ട ക്നാനായ മിഷൻ ഡയറക്ടർ മുഖേന ഒരു അപേക്ഷ നൽകിയാൽ മതിയെന്ന് അറിയിച്ചു. എന്നാൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വടക്കൻ ഭാഗം രൂപതയും തങ്ങൾക്ക് ഇതുമായി യാതൊരു ബന്ധവും ഇല്ലെന്ന് ധാർഷ്ട്യം നിറഞ്ഞ നിലപാടോടുകൂടി ഇവർ യുകെയിലെ വത്തിക്കാൻ പ്രതിനിധിയെ ബന്ധപ്പെടുകയാണ് ഉണ്ടായത്. എന്നാൽ ഇത് പൗരസ്ത്യ സഭകളുമായി ബന്ധപ്പെട്ട വിഷയമാണെന്നും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭയുടെ നടപടിക്രമങ്ങൾ പാലിക്കാനുമാണ് വത്തിക്കാൻ പ്രതിനിധിയുടെ മറുപടി ഉണ്ടായത് . ആഗോള കത്തോലിക്കാ സഭയുടെ തലവനായ മാർപാപ്പയുടെ തീരുമാനപ്രകാരം ബ്രിട്ടനിലെ ക്നാനായക്കാരുൾപ്പെടെ സീറോ മലബാർ വിശ്വാസികൾക്കായി രൂപീകൃതമായ ഗ്രേറ്റ് ബ്രിട്ടൻ രൂപതയെ ഒരുതരത്തിലും അംഗീകരിക്കില്ല എന്ന നിലപാടിൽ തങ്ങളുടെ കത്തോലിക്കാവിശ്വാസം പോലും ഉപേക്ഷിച്ച് വിവാഹിതരായപ്പോൾ വസ്തുതകളെല്ലാം മറച്ചുവെച്ചു കൊണ്ട് ഗ്രേറ്റ് ബ്രിട്ടൻ രൂപതയെ അപകീർത്തിപ്പെടുത്താനും താറടിക്കാനും വിശ്വാസികളുടെ ഇടയിൽ തെറ്റിദ്ധാരണ പരത്താനുമാണ് ചിലർ ശ്രമിച്ചതെന്നാണ് സഭാ വിശ്വാസികളുടെ പരാതി. ഇത്തരത്തിലുള്ള സംഭവങ്ങളും ശ്രമങ്ങളും സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപത സ്ഥാപിതമാകുന്ന അവസരം മുതൽ ആരംഭിച്ചതാണെന്ന് സഭാവിശ്വാസികൾ ചൂണ്ടിക്കാട്ടുന്നു. പ്രസ്തുത സംഭവത്തിന്റെ വെളിച്ചത്തിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ സർക്കുലർ കഴിഞ്ഞ ഞായറാഴ്ച എല്ലാ ദേവാലയങ്ങളിലും വായിച്ചിരുന്നു. സീറോ മലബാർ സഭയുടെ ആരാധനക്രമം, ദൈവശാസ്ത്രം, ആത്മീയത, ശിക്ഷണ ക്രമം എന്നിവ പങ്കിടുന്ന സീറോ മലബാർ ക്നാനായ സമൂഹം സീറോ മലബാർ സഭയുടെ അഭിവാജ്യ ഘടകമാണെന്നും, ഭരണപരമായ സൗകര്യത്തിനായി ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള ക്നാനായ സമൂഹത്തിന് അതുവഴി തങ്ങളുടെ അംഗത്വം നഷ്ടപ്പെടുന്നില്ലെന്നും സർക്കുലർ ചൂണ്ടിക്കാട്ടുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സീറോ മലബാർ സഭയുടെ യുകെയിലെ പ്രവർത്തനങ്ങളുടെ ആവശ്യകതയുടെ പ്രസക്തിയാണ് സഭാവിരുദ്ധർ ചോദ്യം ചെയ്യുന്നത്. തങ്ങളുടെ തികച്ചും മൗലികമായ മതപരമായ വിശ്വാസങ്ങളും, ആചാരങ്ങളും പാരമ്പര്യങ്ങളും പിൻതുടരാൻ ആഗ്രഹിക്കുന്ന ഒരു ജനവിഭാഗം ഉള്ളതുകൊണ്ടാണ് സീറോ മലബാർ സഭ ബ്രിട്ടനിൽ പ്രവർത്തിക്കുന്നതെന്നും നിലനിൽക്കുന്നതെന്നും ഇത്തരക്കാർ മറക്കുന്നു. ബ്രിട്ടനിലെ സീറോ മലബാർ സഭയുടെ പ്രവർത്തനങ്ങൾ എന്നും ഇവിടുത്തെ പ്രമുഖ കത്തോലിക്കാ റീത്തായ ലാറ്റിൻ സഭയോട് ചേർന്ന് നിന്നുകൊണ്ടാണ്. രണ്ടാം വത്തിക്കാൻ സൂനഹദോസ് നിർദ്ദേശിക്കുന്നതു പോലെ ന്യൂനപക്ഷം വരുന്ന മറ്റ് റീത്തുകളിലെ കത്തോലിക്കാ വിശ്വാസികൾക്ക് അവരുടെ വിശ്വാസവും, പാരമ്പര്യവും, തനിമയും സംരക്ഷിക്കാനുള്ള എല്ലാ പിൻതുണയും ലാറ്റിൻ സഭയിൽ നിന്ന് ഗ്രേറ്റ് ബ്രിട്ടൻ രൂപതയ്ക്ക് ബ്രിട്ടണിൽ ലഭിക്കുന്നുണ്ട്. ഇതെല്ലാം മറച്ചു വെച്ചുകൊണ്ടാണ് സീറോ മലബാർ സഭയുടെ ബ്രിട്ടനിലെ പ്രവർത്തനങ്ങളുടെ പ്രസക്തി തന്നെ സഭാവിരുദ്ധർ ചോദ്യം ചെയ്യുന്നത് .

സഭാ വിരുദ്ധത പലപ്പോഴും വ്യക്തിഹത്യയിലേയ്ക്കു പോലും എത്തുന്നതായി വിശ്വാസികൾ പരാതിപ്പെടുന്നു. ബ്രിട്ടനിലെ സീറോ മലബാർ സഭയുടെ പ്രവർത്തനങ്ങളിൽ സജീവ ഇടപെടലുകൾ നടത്തുകയും, വികാരി ജനറാൾ എന്ന നിലയിൽ സേവനങ്ങൾ അനുഷ്ഠിക്കുകയും ചെയ്ത ഒരു മുൻ വൈദികനെതിരെയും സഭാവിരുദ്ധർ സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ കൂടി വ്യാപകമായ അപകീർത്തി പ്രചാരണമാണ് നടത്തുന്നത്. വൈദികൻ തൻറെ സ്വാർത്ഥ നേട്ടങ്ങൾക്കായി ലാറ്റിൻ റീത്തിലേയ്ക്ക് പോയതായാണ് പ്രചാരണം. പക്ഷേ ലിവർപൂൾ രൂപത തങ്ങളുടെ അധീനതയിലുള്ള ഒരു ആശ്രമം ഏറ്റെടുത്തു നടത്തുവാൻ വർഷങ്ങൾക്കു മുമ്പ് പ്രസ്തുത വൈദികൻ അംഗമായ സന്യാസ സഭയോട് അഭ്യർത്ഥിച്ചിരുന്നു. അടുത്തകാലത്ത് വീണ്ടും ഈ ആവശ്യം സജീവമായപ്പോൾ ബ്രിട്ടനിൽ പ്രവർത്തന പരിചയമുള്ള വ്യക്തിയെന്ന നിലയിൽ പ്രസ്തുത വൈദികൻ താൻ അംഗമായ സന്യസ്ത സഭയുടെ ആവശ്യപ്രകാരം ലിവർപൂൾ ആസ്ഥാനമായുള്ള ലാറ്റിൻ രൂപതയുടെ കീഴിലുള്ള ആശ്രമത്തിന്റെ ചുമതലയിലേയ്ക്ക് മാറുകയായിരുന്നു. ബ്രിട്ടനിൽ സീറോ മലബാർ വിശ്വാസികൾക്കായി സേവനത്തിന് എത്തുന്നതിനുമുമ്പ് അദ്ദേഹം ലാറ്റിൻ സഭയുടെ കീഴിലുള്ള രാജസ്ഥാനിലെ അജ്മീർ രൂപതയുടെ കീഴിലാണ് 7 വർഷത്തോളം സേവനം അനുഷ്ഠിച്ചിരുന്നത്. ഇതൊക്കെ സഭാ നേതൃത്വത്തിന്റെ ആവശ്യപ്രകാരം അതാത് കാലഘട്ടത്തിൽ സേവനം നൽകുന്നതല്ലാതെ റീത്തുകൾ മാറുന്നില്ല. വൈദികരുടെ എണ്ണത്തിലുള്ള പരിമിതികൾ മൂലം ലാറ്റിൻ രൂപതകളുടെ ആവശ്യപ്രകാരം താൽക്കാലികമായി തങ്ങളുടെ സേവനം വിട്ടു നൽകുന്നതാണു .ഇതൊക്കെ മറച്ചുവെച്ചാണ് സഭാവിരുദ്ധർ പല വൈദികരെയും വ്യക്തി ഹത്യയ്ക്ക് മുതിരുന്നത്.

ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് മതപരമായുള്ള കാര്യങ്ങളിൽ ഓരോ വ്യക്തിക്കുമുള്ള സ്വാതന്ത്ര്യത്തിൽ അനാവശ്യമായ കൈകടത്തലുകൾ അവസാനിപ്പിക്കണമെന്നാണ് സഭാ വിശ്വാസികളുടെ ആവശ്യം. സഭയുടെ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാനുള്ള സഭാവിരുദ്ധരുടെ സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് സഭയുടെ ചട്ടക്കൂടിനകത്തു പ്രവർത്തിക്കുന്ന സഭാ വിശ്വാസികളുടെ സ്വാതന്ത്ര്യമെന്നാണ് വിശ്വാസികളുടെ ഓർമ്മപ്പെടുത്തൽ.