ന്യൂസ് ഡെസ്ക്, മലയാളം യുകെ

യോർക്ക് ഡ്യൂക്ക് അടക്കമുള്ള എല്ലാ ബഹുമതികളും പദവികളും ഒഴിഞ്ഞതായി ബ്രിട്ടീഷ് രാജകുടുംബാംഗമായ പ്രിൻസ് ആൻഡ്രൂ വ്യക്തിപരമായി പുറപ്പെടുവിച്ച പ്രസ്താവനയിൽ അറിയിച്ചു. ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീൻയുമായുള്ള ബന്ധത്തെച്ചൊല്ലി നീണ്ട നാളുകളായി നിലനിൽക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ചാൾസ് രാജാവും പ്രിൻസ് ഓഫ് വെയിൽസും അടങ്ങിയ കുടുംബാംഗങ്ങളുമായുള്ള ആലോചനയ്ക്കുശേഷമാണ് പദവി ഒഴിയാനുള്ള തീരുമാനം കൈകൊണ്ടതെന്ന് ആൻഡ്രൂ വ്യക്തമാക്കി. രാജകുടുംബത്തിന്റെയും രാജ്യത്തിന്റെയും താൽപര്യം മുൻനിർത്തിയാണ് ഈ തീരുമാനമെന്നും തനിക്കെതിരായ ആരോപണങ്ങൾ ശക്തമായി നിഷേധിക്കുന്നതായും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എലിസബത്ത് രാജ്ഞി നൽകിയ യോർക്ക് ഡ്യൂക്ക് പദവിയാണ് ആൻഡ്രൂ ഇപ്പോൾ ഒഴിയുന്നത്. ഇതോടെ അദ്ദേഹത്തിന്റെ മുൻഭാര്യ സാറ ഫെർഗസണിനും ‘ഡച്ചസ് ഓഫ് യോർക്ക്’ എന്ന ബഹുമതി നഷ്ടപ്പെടും. എന്നാൽ അവരുടെ മക്കളായ ബിയാട്രിസ്, യൂജീനീ എന്നിവർ പ്രിൻസസ് പദവിയിൽ തുടരും. ആൻഡ്രൂവിന് ഇപ്പോഴും ‘പ്രിൻസ്’ എന്ന പദവി നിലനിൽക്കും. പക്ഷേ ഇനി ഔദ്യോഗികമായ രാജകീയ ചുമതലകളിൽ തുടരാൻ സാധിക്കില്ല . വിൻഡ്സറിലെ സ്വകാര്യ വസതിയായ റോയൽ ലോഡ്ജിലാണ് അദ്ദേഹം തുടരാൻ സാധ്യതയുള്ളത്.

വിർജീനിയ ഗിയൂഫ്രെ എന്ന യുവതിയുടെ പരാതിയിലൂടെയാണ് ആൻഡ്രൂനെതിരായ ആരോപണങ്ങൾ ശക്തമായത്. തനിക്കു വെറും 17 വയസുള്ളപ്പോൾ ആൻഡ്രൂ തനിക്കെതിരെ ലൈംഗിക പീഡനം നടത്തിയെന്ന് ഗിയൂഫ്രെ ആരോപിച്ചിരുന്നു. 2022-ൽ കേസ് കോടതിക്ക് പുറത്തു തീർപ്പാക്കിയെങ്കിലും ആൻഡ്രൂ എല്ലാ ആരോപണങ്ങളും നിഷേധിച്ചു. ഗിയൂഫ്രെയുടെ ആത്മഹത്യയ്ക്കുശേഷം പ്രസിദ്ധീകരിച്ച ഓർമ്മക്കുറിപ്പുകളും വിഷയത്തെ വീണ്ടും വാർത്തകളിൽ എത്തിച്ചു. ഇപ്പോഴത്തെ സംഭവ വികാസങ്ങൾ വിർജീനിയയുടെ നീണ്ട പോരാട്ടത്തിന് ഒരു സ്വാഭാവിക നീതിയാണ് എന്നാണ് അവളുടെ സഹോദരൻ സ്കൈ റോബർട്ട്സ് പ്രതികരിച്ചത് .