ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്, ലീഡ്സ് ടീച്ചിംഗ് ഹോസ്പിറ്റൽസ് എൻ‌എച്ച്എസ് ട്രസ്റ്റിലെ പ്രസവശുശ്രൂഷാ വിഭാഗങ്ങളിൽ ഉണ്ടായ “ആവർത്തിച്ച പിഴവുകളെ” കുറിച്ച് സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 56 കുഞ്ഞുങ്ങളുടെയും രണ്ട് മാതാക്കളുടെയും മരണങ്ങൾ ഒഴിവാക്കാമായിരുന്നു എന്ന ബിബിസി അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്നാണ് നടപടി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലീഡ്സ് ജനറൽ ഇൻഫർമറിയിലെയും സെന്റ് ജെയിംസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെയും പ്രസവശുശ്രൂഷാ യൂണിറ്റുകളിൽ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ സമഗ്രമായ അന്വേഷണം ആവശ്യമാണെന്ന് ആരോഗ്യ സെക്രട്ടറി പറയുന്നു. ബിബിസി റിപ്പോർട്ടിൽ ഉൾപ്പെട്ട 70-തിലധികം കുടുംബങ്ങൾ അവരുടെ ദുരനുഭവങ്ങൾ പങ്കുവെച്ചു. ഫിയോണ വിൻസർ-റാം, ഡാൻ റാം എന്നിവർക്ക് 2020-ൽ ജനിച്ച മകൾ അല്യോണയുടെ മരണം ഗൗരവമായ ശുശ്രൂഷ പിഴവുകൾ മൂലമായിരുന്നു. 2024 ജനുവരിയിൽ അമർജിത് കൗർ, മൻദീപ് സിംഗ് മഥാരൂ ദമ്പതികളുടെ മകൾ അസീസ്, അതേ ആശുപത്രിയിൽ മരിച്ചു. ഇവർ ഉൾപ്പെടെ നിരവധി കുടുംബങ്ങൾ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യ സെക്രട്ടറിക്ക് കത്ത് അയച്ചിരുന്നു.

ലീഡ്സ് അന്വേഷണത്തിന്റെ ചുമതലയ്ക്ക് ഷ്രൂസ്ബറി, ടൽഫോർഡ് അന്വേഷണങ്ങൾ നയിച്ച മിഡ്‌വൈഫ് ഡോണ ഒക്കൻഡനെ നിയോഗിക്കണമെന്ന ആവശ്യം മുന്നോട്ട് വരുന്നുണ്ട്. അതേസമയം, കെയർ ക്വാളിറ്റി കമ്മീഷൻ (CQC) കഴിഞ്ഞ ജൂണിൽ ലീഡ്സ് ട്രസ്റ്റിന്റെ പ്രസവശുശ്രൂഷാ യൂണിറ്റുകളെ “ഗുഡ്” എന്ന വിലയിരുത്തലിൽ നിന്ന് “ഇൻഅഡിക്വേറ്റ്” ആയി താഴ്ത്തിയിരുന്നു. ട്രസ്റ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ബ്രെൻഡൻ ബ്രൗൺ, ദു:ഖിതരായ കുടുംബങ്ങളോട് ക്ഷമാപണം നടത്തി.