ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ ബലാത്സംഗത്തിലൂടെ ജനിച്ച കുട്ടികൾക്ക് അവരുടെ കുറ്റവാളി പിതാക്കന്മാർക്ക് ഇനി മാതാപിതൃ അവകാശം ലഭിക്കില്ലെന്നത് ഉറപ്പാക്കുന്ന പുതിയ നിയമഭേദഗതി ബ്രിട്ടനിൽ അവതരിപ്പിച്ചു. പാർലമെന്റിൽ സമർപ്പിച്ചിരിക്കുന്ന വിക്ടിംസ് ആൻ്റ് കോർട്ട്സ് ബില്ലിലേയ്ക്കുള്ള സർക്കാർ അനുകൂല ഭേദഗതിയിലാണ് ഈ മാറ്റം ഉൾപ്പെടുത്തിയിരിക്കുന്നത്. കുറ്റവാളിയായ പിതാവിന് ഇനി കുട്ടിയുടെ വിദ്യാഭ്യാസം, ചികിത്സ, യാത്ര തുടങ്ങിയ കാര്യങ്ങളിൽ അഭിപ്രായം പറയാനോ ഇടപെടാനോ അധികാരമുണ്ടാകില്ല.
ലേബർ പാർട്ടി എംപി നറ്റാലി ഫ്ലീറ്റ് ആണ് ഈ നിയമ പരിഷ്കാരത്തിനായി ഏറെ ശ്രമിച്ചത്. 15-ാം വയസിൽ തന്നെ ഒരു മുതിർന്ന പുരുഷൻ തനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്നും അതിൽ നിന്നാണ് കുട്ടി ജനിച്ചതെന്നും അവർ വെളിപ്പെടുത്തിയിരുന്നു. ഈ നിയമം ബലാത്സംഗം നേരിട്ട സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയെ മുൻനിർത്തുന്നതാണ് എന്ന് ഫ്ലീറ്റ് പറഞ്ഞു. ബലാത്സംഗം വഴി ജനിച്ച കുട്ടികളോടുള്ള പിതൃത്വാവകാശം കുറ്റവാളികൾ ഉപയോഗിച്ച് സ്ത്രീകളെ മിണ്ടാതാക്കാനുള്ള ഒരു ആയുധമായിട്ടാണ് പലരും വിനിയോഗിക്കുന്നതെന്നും അവൾ ചൂണ്ടിക്കാട്ടി.
ഡെപ്യൂട്ടി പ്രൈംമിനിസ്റ്റർ ഡേവിഡ് ലാമി ഈ നിയമം നീതി സംവിധാനത്തിൻ മേൽ ജനവിശ്വാസം ഊട്ടി ഉറപ്പിക്കാനുള്ള നിർണായക നടപടിയാണെന്ന് പറഞ്ഞു. കുട്ടികളുടെയും അമ്മമാരുടെയും സുരക്ഷയെ മുൻനിർത്തിയാണ് ഈ നീക്കം എടുത്തതെന്നും, ഭാവിയിൽ ഇത്തരം കുറ്റവാളികൾക്ക് വീണ്ടും തങ്ങളുടെ ഇരകളെ വേദനിപ്പിക്കാൻ അവസരം നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാനുള്ള ഗവൺമെന്റിന്റെ ദൗത്യത്തിന്റെ ഭാഗമായാണ് ഈ നിയമപരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതെന്ന് വിക്ടിംസ് ആൻ്റ് വയലൻസ് എഗൈൻസ്റ്റ് വിമൺ മന്ത്രിയായ അലക്സ് ഡേവിസ്-ജോൺസും വ്യക്തമാക്കി.
Leave a Reply