വിഭജന രാഷ്ട്രീയത്തിന്റെയും വർഗീയ രാഷ്ട്രീയത്തിന്റെയും ഭരണമാണ് ഇന്ത്യയിൽ ബിജെപി നടത്തുന്നതെന്ന് ഇരിക്കൂർ എംഎൽഎ സജീവ് ജോസഫ്; ഐഒസി യുകെ കേരള ചാപ്റ്റർ പഞ്ചായത്ത് തിരഞ്ഞെടുപ്പിനായുള്ള പ്രചാരണ പ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ചു . പ്രവാസ ജീവതം അവസാനിപ്പിച്ചു കേരളത്തിൽ മടങ്ങിയെത്തുന്ന ഐഒസി ഭാരവാഹികളെ കോൺഗ്രസ് പുന:സംഘടനയിൽ പരിഗണിക്കണമെന്ന ആവശ്യം പാർട്ടിയിൽ ഉന്നയിക്കുമെന്ന് സജീവ് ജോസഫ് ലണ്ടൻ. രാജ്യത്തെ തിരഞ്ഞെടുപ്പുകളെ അട്ടിമറിച്ചും ഭരണഘടനാ സ്ഥാപനങ്ങളെ ഇല്ലാതാക്കിയും മതേതരത്വത്തെ കളങ്കപ്പെടുത്തിയും വിഭജന രാഷ്ട്രീയത്തിന്റെയും വർഗീയ രാഷ്ട്രീയത്തിന്റെയും ഭരണമാണ് കേന്ദ്രത്തിൽ ബിജെപി നടത്തുന്നതെന്ന് ഇരിക്കൂർ എംഎൽഎയും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായ സജീവ് ജോസഫ് പറഞ്ഞു. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ നാട്ടിൽ നടത്തുന്ന പ്രചരണ പ്രവർത്തനങ്ങളുടെ ഔപചാരികമായ ഉദ്‌ഘാടനം ലണ്ടനിൽ നിർവഹിച്ച് സംസാരിക്കുക ആയിരുന്നു സജീവ് ജോസഫ്.
പ്രവാസി മലയാളികൾ എന്നും കേരളത്തിന്റെ കരുത്ത് ആണെന്നും പ്രവാസ ലോകത്തിരുന്ന് കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക മേഖലകളിൽ തങ്ങളുടേതായ ഇടപെടലുകൾ നടത്തുവാൻ പ്രവാസി സമൂഹത്തിന് കഴിയുന്നു എന്നത് അഭിമാനകരമായി കാണുന്നുവെന്നും സജീവ് ജോസഫ് പറഞ്ഞു. പ്രവാസ ജീവിതം അവസാനിപ്പിച്ച് കേരളത്തിലേക്ക് മടങ്ങുന്ന ഐഒസി ഭാരവാഹികൾക്ക് നാട്ടിലെ കോൺഗ്രസ് സംഘടനകളിൽ മതിയായ അവസരം നൽകുന്നതിന് പാർട്ടി നേതാക്കളുമായി ആലോചിച്ചു മുൻകൈ എടുക്കുമെന്നും സജീവ് ജോസഫ് പറഞ്ഞു. മുൻ കാലങ്ങളിൽ പോലെ ഈ വരുന്ന തിരഞ്ഞെടുപ്പിലും ശക്തമായ പ്രവർത്തനങ്ങൾക്കാണ് ഐഒസി രൂപം കൊടുക്കുന്നതെന്ന് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് സുജു കെ ഡാനിയേൽ പറഞ്ഞു. സമ്മേളനത്തിൽ സജീവ് ജോസഫിനെ പൊന്നാട അണിയിച്ച് സറേ റീജിയണൽ പ്രസിഡന്റ് വിത്സൺ ജോർജ്ജ് സ്വീകരിച്ചു.
ഐഒസി യുകെ കേരള ചാപ്റ്റർ വൈസ് പ്രസിഡന്റ് ബേബിക്കുട്ടി ജോർജ്ജ് സ്വാഗതം പറഞ്ഞ യോഗത്തിൽ വൈസ് പ്രസിഡന്റ് അപ്പ ഗഫൂർ, ജനറൽ സെക്രെട്ടറി അഷ്‌റഫ് അബ്ദുല്ല, കേരള ചാപ്റ്റർ യൂത്ത് വിങ് പ്രസിഡന്റ് എഫ്രേം സാം എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഐഒസി നേതാക്കളായ സാബു ജോർജ്ജ്, ജെറിൻ ജേക്കബ്ബ്, അജി ജോർജ്ജ്, യൂത്ത് വിങ് നേതാക്കളായ നസീൽ അലി, ഷൈനോ ഉമ്മൻ, അജാസ്, സ്റ്റീഫൻ റോയ് തുടങ്ങിയവർ പ്രസംഗിച്ചു. യൂണിവേഴ്സിറ്റി ഓഫ് ഈസ്റ് ലണ്ടൻ വെൽബിയ്ങ് ഓഫീസറായിരുന്ന ബിബിൻ ബോബച്ചനെയും സ്റ്റുഡന്റസ് ഓഫിസറായ അഭിഷേക് റോയിയേയും ചടങ്ങിൽ സജീവ് ജോസഫ് ആദരിച്ചു. സമ്മേളനത്തിന് യൂത്ത് വിങ് ജനറൽ സെക്രട്ടറി ജോൺ പീറ്റർ നന്ദി പറഞ്ഞു.
Leave a Reply