ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ നോട്ടിംഗാമിൽ മലയാളിയെ കാണാതായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . കോട്ടയം സ്വദേശിയായ സ്റ്റീഫൻ ജോർജിനെ കാണാതായ സംഭവം പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മൂന്നു ദിവസമായി സ്റ്റീഫൻ വീട്ടിൽ എത്തിയിട്ടില്ലെന്ന് കുടുംബം അറിയിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിലും ഇയാളെ കണ്ടെത്താനായില്ല. ഇതിനെ തുടർന്ന് നോട്ടിംഗാംഷയർ പൊലീസ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പൊതുജന സഹായം തേടി അറിയിപ്പ് പുറത്തിറക്കി. സ്റ്റീഫന്റെ സ്ഥിതിയെ കുറിച്ച് വിവരമുള്ളവർ വിവരം പൊലീസിനെ അറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
നോട്ടിംഗ്ഹാമിലെ ഒരു പിസ ഫാക്ടറിയിൽ ജോലി ചെയ്തുവരികയായിരുന്നു സ്റ്റീഫൻ ജോർജ്. പതിവ് പോലെ ഞായറാഴ്ച വീട്ടിൽ നിന്നും സൈക്കിളിൽ ജോലിക്കായി പോയെങ്കിലും, ഫാക്ടറിയിൽ എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ കുടുംബത്തെ വിവരം അറിയിച്ചു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും സ്വതന്ത്രമായി നടത്തിയ തിരച്ചിലിനുശേഷം പൊലീസിനെയും വിവരം അറിയിച്ചു. ഒക്ടോബർ 19-ന് ഉച്ചയ്ക്ക് ഏകദേശം ഒരു മണിയോടെയാണ് സ്റ്റീഫനെ അവസാനമായി വെസ്റ്റ് ബ്രിഡ്ഫോർഡ് പ്രദേശത്ത് കണ്ടത് എന്ന് പൊലീസ് അറിയിച്ചു.
സ്റ്റീഫൻ 5 അടി 10 ഇഞ്ച് ഉയരമുള്ള വ്യക്തിയാണ്. ഇദ്ദേഹത്തിന് 47 വയസാണ് പ്രായം. കാണാതാകുമ്പോൾ വിന്റർ ജാക്കറ്റും നീല ജീൻസും ഗ്ലാസും ധരിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 101-ൽ ബന്ധപ്പെടണമെന്ന് നോട്ടിംഗാംഷയർ പൊലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. കുടുംബവും സുഹൃത്തുക്കളും ഇയാളെ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്ന് അറിയിച്ചു. യുകെയിലെ മലയാളി സമൂഹം സ്റ്റീഫനെ കണ്ടെത്താനുള്ള ശ്രമങ്ങളിൽ പങ്കുചേരുകയും സോഷ്യൽ മീഡിയയിൽ വിവരങ്ങൾ വ്യാപകമായി പങ്കുവയ്ക്കുകയും ചെയ്യുകയാണ്.
Leave a Reply