മുംബൈ: മുംബൈയിലെ പൊവായിയിലെ ആർ.എ സ്റ്റുഡിയോയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് നടന്ന സംഭവം മൂലം നഗരം മുഴുവൻ ഉത്കണ്ഠയിലായി. ഓഡിഷൻ നിമിത്തം കുട്ടികളെ സ്റ്റുഡിയോയിൽ വിളിച്ചുവരുത്തിയ വെബ് സീരീസ് സംവിധായകനെന്ന് അവകാശപ്പെട്ട രോഹിത് ആര്യ പിന്നീട് 17 കുട്ടികളടക്കം 19 പേരെ ബന്ദികളാക്കി. ഈ വിവരം പുറത്തറിഞ്ഞതോടെ പോലീസ് വൻതോതിൽ സേനയെ സ്ഥലത്തെത്തിച്ചു.
രണ്ടുമണിയോടെ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഘങ്ങൾ കെട്ടിടം വളഞ്ഞു. പ്രതിയുമായി സംസാരിച്ചു കുട്ടികളെ വിട്ടയക്കാൻ ശ്രമിച്ചെങ്കിലും രോഹിത് സമ്മതിച്ചില്ല. തുടർന്ന് കുളിമുറിയിലെ ഗ്രിൽ തകർത്താണ് പോലീസ് സംഘം സ്റ്റുഡിയോയ്ക്കുള്ളിൽ കടന്നത്. അപ്പോഴാണ് കെട്ടിടത്തിനുള്ളിൽ വെടിയൊച്ചകൾ മുഴങ്ങിയത്. രോഹിത് പോലീസിനെതിരെ എയർ ഗൺ ഉപയോഗിച്ച് വെടിയുതിർക്കുകയും പോലീസ് തിരിച്ചടിക്കുകയും ചെയ്തു. വെടിയേറ്റ പ്രതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
മൂന്നു മണിക്കൂറോളം നീണ്ട ഓപ്പറേഷനിന് ശേഷം വൈകിട്ട് 4.45ഓടെ കുട്ടികളടക്കം എല്ലാവരെയും സുരക്ഷിതരാക്കി. 13 മുതൽ 17 വയസുവരെയുള്ള കുട്ടികളാണ് ബന്ദികളായിരുന്നത്. ഇവരെല്ലാം ബന്ധുക്കളോടൊപ്പം സുരക്ഷിതമായി വീട്ടിലെത്തിച്ചതായി പോലീസ് അറിയിച്ചു.
സംഭവസ്ഥലത്ത് നിന്ന് എയർ ഗണും ചില രാസവസ്തുക്കളും പോലീസ് പിടിച്ചെടുത്തു. സംഭവത്തിന് മുമ്പ് രോഹിത് ഒരു വീഡിയോ പുറത്ത് വിട്ടിരുന്നു. താൻ തീവ്രവാദിയല്ലെന്നും ചില ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ വേണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. പണം ആവശ്യപ്പെട്ടതല്ലെന്നും, തനിക്ക് സംസാരിക്കാൻ അവസരം ലഭിച്ചില്ലെങ്കിൽ സ്ഥലം കത്തിക്കുമെന്നും വീഡിയോയിൽ പറഞ്ഞിരുന്നു.
പോലീസിന്റെ പ്രാഥമിക നിഗമനമനുസരിച്ച് പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത്. രോഹിതിന് മറ്റ് ക്രിമിനൽ പശ്ചാത്തലങ്ങളില്ലെന്നും പോലീസ് അറിയിച്ചു. സംഭവത്തിന്റെ പിന്നാമ്പുറവും രോഹിത്തിന്റെ ബന്ധങ്ങളും സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.











Leave a Reply