ന്യൂസ് ഡെസ്ക്, മലയാളം യുകെ
നിലവിലെ സാമ്പത്തിക സാഹചര്യം വിലയിരുത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്, അടിസ്ഥാന പലിശനിരക്ക് 4 ശതമാനത്തിൽ നിലനിർത്താനാണ് സാധ്യതയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . അടുത്ത ആഴ്ച ചാൻസലർ റേച്ചൽ റീവ്സ് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിന് മുൻപുള്ള അവസാന യോഗമായതിനാൽ, ബാങ്ക് വലിയ മാറ്റം വരുത്തില്ലെന്നാണ് പ്രതീക്ഷ. സെപ്റ്റംബറിൽ പണപ്പെരുപ്പം 3.8 ശതമാനമായി കുറഞ്ഞിട്ടും ലക്ഷ്യമായ 2 ശതമാനത്തേക്കാൾ കൂടുതലായതിനാൽ വിലക്കയറ്റം ഇപ്പോഴും പ്രധാന പ്രശ്നമായി തുടരുകയാണ്.

കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ മൂന്ന് മാസം ഇടവിട്ട് 0.25 ശതമാനം വീതം നിരക്ക് കുറച്ചിരുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇത്തവണ താൽക്കാലികമായി നിർത്താനാണ് സാധ്യത. ബാർക്ലെയ്‌സ്, ഗോൾഡ്മാൻ സാക്സ് തുടങ്ങിയ സാമ്പത്തിക സ്ഥാപനങ്ങൾ ഡിസംബർ മാസത്തിൽ 3.75 ശതമാനമായി കുറയ്ക്കാനുള്ള സാധ്യത പ്രവചിച്ചിരുന്നു . ഇതേസമയം, പലിശനിരക്കിൽ മാറ്റം വരുത്തണമോ എന്ന വിഷയത്തിൽ അവലോകന സമിതിയിലെ അംഗങ്ങൾ തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടാകാനിടയുണ്ട്.

വീടുവായ്പയും ബിസിനസ്സ് വായ്പയും ഉൾപ്പെടെയുള്ള കടങ്ങൾക്കും നിക്ഷേപങ്ങളുടെ ലാഭനിരക്കിനും ബാങ്കിന്റെ തീരുമാനങ്ങൾ നേരിട്ട് ബാധകമാകുന്നുണ്ട്. പലിശനിരക്കിൽ കുറവ് വരുത്തിയാൽ വായ്പ എടുക്കുന്നവർക്ക് ആശ്വാസമാകും. പക്ഷേ ഇത് നിക്ഷേപകരുടെ ലാഭം കുറയാനും കാരണമാകും. ബജറ്റിൽ വിലക്കയറ്റം നിയന്ത്രിക്കാൻ നടപടികൾ ഉണ്ടെങ്കിൽ ഡിസംബറിൽ ബാങ്ക് നിരക്ക് കുറയ്ക്കാനുള്ള സാധ്യത ഉണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.











Leave a Reply